കോയമ്പത്തൂര്‍: ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. കഴിഞ്ഞ ദിവസങ്ങളിലെ എം.ജി.ആര്‍. മാര്‍ക്കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെയായതായി അധികൃതര്‍ പറഞ്ഞു. തക്കാളി പാടങ്ങൾക്ക് കാവൽക്കാരെ വരെ നിയോഗിക്കേണ്ട അവസ്ഥ ഒരു മാസം പിന്നിടുമ്പോളാണ് ഈ വിലയിടിവ് വന്നിരിക്കുന്നത്.
തക്കാളി കിലോഗ്രാമിന് 150 രൂപവരെ ആയതോടെ സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍കടകള്‍വഴി 60 രൂപയ്‌ക്ക് തക്കാളി വിറ്റിരുന്നു. എന്നാൽ ഉപ്പാദനം കൂടുകയും വിളവെടുപ്പ് സജീവമാകുകയും ചെയ്തതോടെ തക്കാളിവില വീണ്ടും ഇടിഞ്ഞു. 10 രൂപയില്‍ത്താഴെ വില എത്തിയാല്‍ കർഷകർ വലിയനഷ്ടം നേരിടും. ഗുണമേന്മ കുറഞ്ഞ, 25 കിലോഗ്രാം വരുന്ന ഒരുപെട്ടി തക്കാളിക്ക് 150 രൂപയാണ് വില. മുന്തിയ ഇനം തക്കാളിക്ക് 250 മുതല്‍ 300 രൂപവരെയും വിലയുണ്ട്.
മാര്‍ക്കറ്റില്‍ 10 രൂപവരെ വിലവരുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്. ഇപ്പോള്‍ 4,000 പെട്ടി തക്കാളിയാണ് എം.ജി.ആര്‍. മാര്‍ക്കറ്റില്‍ വരുന്നത്. സീസണായാല്‍ 10,000 പെട്ടിവരെ വരും. ഇങ്ങനെ വരുമ്പോൾ കർഷകന് കുട്ടുന്നതാകട്ടെ ഒന്നും രണ്ടും രൂപയും.