കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റി. രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. എം പി ദിനേശ് ഐഎഎസ്സിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്.

സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്.

ശബരിമല സർവീസ് മൂലം താൽക്കാലിക ലാഭമുണ്ടാക്കിയെങ്കിലും കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല. തൊഴിലാളി യൂണിയനുകളുമായി തച്ചങ്കരി ഒരു കാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്.

വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.