സംയോജിത – നൃത്ത രൂപങ്ങളുടെ സമഞ്ജസ സമ്മേളനം ആഗസ്റ്റ്‌ 22 – ന്

ടൊറോന്റോ (കാനഡ): നാനാ വിഭാഗത്തിൽപ്പെട്ട    നൃത്തരൂപങ്ങൾ  സമഞ്ജസമായി   സമ്മേളപ്പിച്ചുകൊണ്ട്  നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാ കേന്ദ്രയും  സംയുക്തമായി  അവതരിപ്പിക്കുന്ന നൃത്ത വിസ്മയം – സംയോജിത -ആഗസ്റ്റ്‌  22 ശനിയാഴ്ച  ടൊറോന്റോയിൽ അരങ്ങേറും.
വൈകുന്നേരം 6.30 -ന്   ഡോണ്‍ ബോസ്കോ  കാത്തലിക്  സെക്കണ്ടറി സ്കൂളിൽ  (Don Bosco Catholic Secondary School, 2 St.Andrews Blvd. Toronto) നടക്കുന്ന ഈ നൃത്തവിരുന്നിൽ  പ്രധാനമായും  മോഹിനിയാട്ടം, കുച്ചിപ്പുടി , ഭരതനാട്യം  തുടങ്ങിയ നൃത്ത രൂപങ്ങളാണ്‌   സമന്വയിപ്പിച്ചിരിക്കുന്നത്‌ . കേരളത്തിന്റെയും തമിഴ് നാടിന്റെയും ആന്ധ്രാ പ്രദേശിന്റെയും സംസ്ക്കാരങ്ങളോട്  ഇഴകി ചേർന്ന്   നിൽക്കുന്ന ഈ നൃത്തകലാരൂപങ്ങൾ  സാംസ്കാരികത്തനിമ ഒട്ടും ചോരാതെ വൈദഗ്ധ്യ മികവിൽ  ഇഴ ചേർത്താണ്    ‘സംയോജിത’  ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ .
ഈ  നൃത്ത രൂപങ്ങളെല്ലാം  ഭാവ ചേഷ്ടകളിൽ  വിഭിന്നമെന്നതാണ്   പൊതുതത്വമെങ്കിലും  അവയിൽ  വളരെയേറെ  സമാനതകൾ  ദർശിക്കാനാവും. ഈ സമാനതകൾ  കോർത്തിണക്കി ‘നാനാത്വത്തിൽ  ഏകത്വം’ എന്ന പ്രമേയമാണ്  സംയോജിത എന്ന ഈ ഷോയിൽ  അവതരിപ്പിക്കുന്നത്‌ .നൃത്തത്തെ സ്നേഹിക്കുന്നവർക്ക്  കണ്‍കുളിർക്കെ  കണ്ട്  ആസ്വദിക്കാനുള്ള  നൃത്ത വിരുന്നും    നൃത്തമഭ്യസിക്കുന്നവർക്ക്  കണ്ട്  പഠിക്കാനുളള   പഠനക്കളരിയുമായിരിക്കും  ഈ  ഷോ.
നൃത്ത കലാ കേന്ദ്ര ഡാൻസ്  അക്കാദമി  ഡയറക്ടറും കൊറിയോഗ്രാഫറും  നർത്തകിയുമായ  പ്രീത കണ്ടൻചാത്തയും, റിഗാറ്റ കലാ കേന്ദ്ര   ഡയറക്ടറും കൊറിയോഗ്രാഫറും  നർത്തകനുമായ ഹരി കിഷൻ നായരും  ഉൾപ്പെടെ 13 പ്രൊഫഷണൽ  നർത്തകരാണ്  ഈ  നൃത്ത മാമാങ്കത്തിന്  വേണ്ടി  മാസങ്ങളായി പരിശീലിച്ചുകൊണ്ടിരിക്കുന്നത് .
അതിഥി താരങ്ങളായി  പ്രശസ്ത നർത്തകി  സംജുക്താ  ബാനർജിയും യു .കെ യിൽ നിന്നും വരുന്ന പ്രമുഖ ഡാൻസർ  വിനോദ്  നായരും  ഇതിൽ പങ്കാളികളാ കുന്നതോടെ “സംയോജിത” കണ്ണഞ്ചിപ്പിക്കുന്ന ഒരു നൃത്തവിസ്മയമായിരിക്കുമെന്നതിൽ  യാതൊരു സംശയവുമില്ല. യുവർ  ചോയിസ്  റിയാൽറ്റി  കോർപ്പറേഷനിലെ   ജോസ്സി കാരക്കാട്ടാണ്  ഈ ഷോയുടെ പ്രധാന സ്പോണ്‍സർ.
ടിക്കറ്റുകൾക്കും  സ്പോണ്‍സർഷിപ്പിനും  647.859.7772/ 416.825. 4979  എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .