ലോകം തേങ്ങുന്നു, കൊറോണ മരണം 1.6 ലക്ഷം കവിഞ്ഞു;സ്ഥിതി കൂടുതല്‍ ഗുരുതരം യൂറോപ്പില്‍

വാഷിങ്ടണ്‍: കൊറോണ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലോകം. ദിവസം കഴിയുന്തോറും ഭീകരമാംവിധത്തില്‍ വര്‍ദ്ധിക്കുന്ന മരണസംഖ്യ നമ്മെ കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ്. ചൈനയിലെ വുഹാനിലാണ് വൈറസിന്റെ പ്രഭവകേന്ദ്രമെങ്കിലും ചൈനയേക്കാള്‍ മരണസംഖ്യ കൂടുതലാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല.

ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണങ്ങളുടെ എണ്ണം 1.6 ലക്ഷം കവിഞ്ഞിരിക്കുകയാണ്. അതേസമയം 193 രാജ്യങ്ങളിലായി 23,34,130 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. അതില്‍ മരിച്ചവരുടെ കണക്ക് 1,60,685 ആണ്. അതേസമയം രോഗം ഭേദമായവരുടെ കണക്ക് 5,18,900 ആണ്. അമേരിക്കയിലെ സ്ഥിതി ഭീകരമായി തുടരുകയാണ്. അമേരിക്കയില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 39,090 ആണ്. രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 7,35,287 പേര്‍ക്കുമാണ്.ഏകദേശം സമാനമായ അവസ്ഥ തന്നെയാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും.

Loading...

അമേരിക്കയ്ക്ക് ഒപ്പം തന്നെ ഇറ്റലി(23,227), സ്‌പെയിന്‍(20,453), ഫ്രാന്‍സ് (19,323), ബ്രിട്ടണ്‍ (15,464) എന്നിങ്ങനെയാണ് ഉയര്‍ന്ന മരണസംഖ്യയുള്ള മറ്റു രാജ്യങ്ങള്‍. യൂറോപ്പില്‍ മാത്രം രോഗം ബാധിച്ചത് 11,53,148 പേര്‍ക്കാണ്. അതോടൊപ്പം തന്നെ 101,493 പേര്‍ യൂറോപ്പില്‍ മാത്രം കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു. മരണസംഖ്യയുടെ മൂന്നില്‍ രണ്ടും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.