ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ഏറെ ബുദ്ദിമുട്ടനുഭിച്ച മേഖലയാണ് സിനിമ. ഇതിനിടയിൽ താരങ്ങളുടെ പ്രതിഫലവും നിർമ്മാതാക്കൾക്ക് താങ്ങാനാവുന്നതിലും അധികമായി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന വാർത്തകൾ വന്നതിനുപിന്നാലെ പ്രതിഫലം കുറയ്ക്കാൻ തയാറായി ടൊവിനൊയും ജോജുവും. ജോജു ജോർജ്ജ് പുതിയ ചിത്രത്തിനായി അമ്പത് ലക്ഷം രൂപയും, ടൊവിനൊ തോമസ് ഒരു കോടി രൂപയും ഈടാക്കുന്നുവെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിഫലം കുറക്കണമെന്ന തീരുമാനം ലംഘിച്ചതിനാൽ ടൊവിനൊയുടെയും ജോജുവിന്റെയും സിനിമകളുടെ ചിത്രീകരണാനുമതി പിൻവലിക്കുമെന്നും നിർമ്മാതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.
മോഹൻലാൽ അടക്കമുളള മുൻനിര നായകന്മാർ പ്രതിഫലം കുറയ്ക്കാൻ തയാറായപ്പോഴും ചില നടൻമാർ പ്രതിഫലം കുറയ്ക്കാൻ തയാറായിരുന്നില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് നടന്ന ഉപസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
നടൻ ജോജു ജോർജ്ജ് പ്രതിഫലം 50 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി കുറച്ചു. ഒപ്പം ടൊവിനൊയും തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാൽ പ്രൊഡ്യൂസർ നൽകുകയാണെങ്കിൽ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനൊയുടെ നിലപാട്. കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്നും ടൊവിനൊ പറഞ്ഞതായി നിർമ്മാതാക്കൾ വ്യക്തമാക്കി.
അതേസമയം ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബർ. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും.