വെള്ളാപ്പള്ളി നടേശ നെതിരെ പരസ്യ വിമർശനവുമായി ടി പി സെൻകുമാർ

വെള്ളാപ്പള്ളി നടേശനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ടി.പി. സെന്‍കുമാര്‍ രംഗത്ത്. 1600 കോടി രൂപയോളം വെള്ളാപ്പള്ളി സംഘടനയിൽ നിന്നും വെട്ടിച്ചെന്ന് ടി.പി.സെൻകുമാർ.. ശരാശരി എത്ര പോസ്റ്റിങ്ങുകള്‍ നടന്നു, എത്ര കുട്ടികളുടെ അഡ്മിഷന്‍ നടന്നു. അതിന്റെ പണം എവിടെ പോയി. ഇത്തരത്തില്‍ വാങ്ങിയ 1600 കോടിരൂപ കാണാനില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സെന്‍കുമാര്‍ ആരോപിച്ചു. …അതേപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യു ഇന്റലിജന്‍സും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ശിവഗിരി മഠം എന്ന വേരിന് മുകളിലുള്ള വൃക്ഷമാണ് sndp. അതിന്റെ ആത്മീയതയില്‍ നിന്ന് വേണം സംഘടന വളരേണ്ടത്. എന്നാല്‍ അത്തരമൊരു വളര്‍ച്ചയല്ല ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതം മാറ്റം നടന്നിരിക്കുന്നത് ഈഴവ- തീയ്യ സമുദായത്തില്‍ നിന്നാണ്. അതിന്റെ പ്രധാന കാരണം അവരുടെ ദാരിദ്ര്യം തന്നെയാണ്. ഇത് മറികടക്കാന്‍ ഭൗതികമായിട്ടുള്ള നേട്ടങ്ങള്‍ക്കായി ധാര്‍മികമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ മൈക്രോഫിനാന്‍സ് പോലുള്ളവ കൊണ്ടുവന്നു. നാലുശതമാനം പലിശയ്ക്ക് കിട്ടേണ്ടവ പലപ്പോഴും കൂടുതല്‍ പലിശയ്ക്ക് കൊടുത്തിട്ടുണ്ട്. കൂടുതലായി ഈടാക്കിയ പലിശ എടുക്കാന്‍ എസ്.എന്‍.ഡി.പിക്ക് അധികാരമില്ല. പക്ഷെ ആ പണം എവിടെ പോയി. ഇത്തരത്തില്‍ നിരവധി കേസുകള്‍ നടക്കുന്നുണ്ട്. അവയില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ.
മൈക്രോഫിനാന്‍സ് നല്ല രീതിയില്‍ നടക്കുന്നുവെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ ഇതില്‍ കൂടി ലഭിക്കുന്ന പണം വട്ടിപ്പലിശയ്ക്ക് വീണ്ടും കടംകൊടുക്കുകയോ സ്വര്‍ണം വാങ്ങിക്കുകയോ ആണ് ചെയ്യുന്നത്. അതിന് ഒരു പ്രോജക്ട് ഉണ്ടാക്കുകയോ പുനഃരുത്പാദനപരമായ കാര്യങ്ങളിലേക്ക് പോവുകയോ ചെയ്തിട്ടില്ല. കാരണം അതിലൊന്നും അവര്‍ക്ക് താത്പര്യമില്ല.

Loading...

പണമാണ് ദൈവം, പണമാണ് ഗുരു എന്ന് വിചാരിക്കുന്ന അവസ്ഥയില്‍ സംഘടന എത്തിയപ്പോള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ ഇടപെടുന്നത്. ഇതില്‍ ഇടപെട്ടേ പറ്റു, അല്ലെങ്കില്‍ എസ്.എന്‍.ഡി.പി ഇല്ലാതാകും. പണം കൊടുത്താല്‍ മാത്രമേ സമുദായത്തിലെ കുട്ടികള്‍ക്ക് സംഘടനയുടെ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കു. എസ്.എന്‍.ഡി.പിയിലെ ഈ ക്രൂരമായ പിഴിച്ചില്‍ അവസാനിപ്പിക്കണം. ഒരു കുടുംബവും അവരുടെ ബന്ധുക്കളുമാണ് ഇന്നിപ്പോള്‍ സംഘടനയുടെ തലപ്പത്തുള്ളത്. എസ്.എന്‍.ഡി.പിയിലെ ഭരണസമിതിയുടെ കാലാവധിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പലതലവണ മാറ്റി. മൂന്നുവര്‍ഷമെന്നത് അഞ്ചുവര്‍ഷമെന്ന രീതിയില്‍ മാറ്റി. മാത്രമല്ല ഇതില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ജനാധിപത്യപരമല്ല. എസ്.എന്‍.ഡി.പിയിലെ ആയിരത്തിലധികം ശാഖകള്‍ വ്യാജമാണെന്നാണ് മനസിലാക്കുന്നത്.

200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് ഓരോ ശാഖയില്‍ നിന്നും വോട്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്. വെള്ളാപ്പള്ളിക്ക് എതിര്‍പ്പുള്ള യൂണിയനുകളെ പിരിച്ചുവിട്ട് അവിടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരും. എന്നിട്ട് അവിടെ ഇദ്ദേഹത്തിന് താത്പര്യമുള്ളവരുടെ ലിസ്റ്റ് പ്രതിനിധികളുടേതായി ഉണ്ടാക്കും. കൂടാതെ അതിന് പറ്റാത്ത യൂണിയനുകളെ രണ്ടാക്കി വിഭജിക്കും. എവിടെ എതിര്‍പ്പുണ്ടോ അവരെയെല്ലാം കള്ളക്കേസില്‍ പ്രതികളാക്കും.
ഇങ്ങനെ തിരഞ്ഞെടുക്കുന്ന പ്രതിനിധികളെ വോട്ട് ചെയ്യിച്ചാണ് വെള്ളാപ്പള്ളി തുടരുന്നത്. ജനാധിപത്യമെന്നത് എസ്.എന്‍.ഡി.പിയിലില്ല. വെളളാപ്പള്ളിയും കുടുംബവും തത്കാലത്തേക്ക് മാറിനിന്ന് കുറച്ചുകാലത്തേക്ക് വിശ്വസിക്കാന്‍ കഴിയുന്ന റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരണം. അഡ്മിനിസ്‌ട്രേറ്റിന്റെ കീഴില്‍ എല്ലാ പ്രതിനിധികളെയും കൃത്യമായ രീതിയില്‍ കണ്ടെത്തി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതിന് ശേഷം സുതാര്യമായിട്ട് തിരഞ്ഞെടുപ്പ് നടത്തണം.

അങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയിട്ട് വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ഞങ്ങളടക്കം അദ്ദേഹത്തിന്റെ ഭരണസമിതിയെ പിന്തുടരാന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
പുതിയ സംവിധാനം വരികയാണെങ്കില്‍ തുടര്‍ച്ചയായി രണ്ടുതവണയില്‍ കൂടുതല്‍ ഒരാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ പാടില്ല. നേതൃസ്ഥാനത്തുള്ളയാളിന്റെ കുടുംബാംഗങ്ങള്‍ സംഘടനയുടെ മറ്റ് വിഭാഗങ്ങളിലുള്‍പ്പെടെ നേതൃസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ല. സമുദായത്തിലെ കുട്ടികള്‍ക്ക് പണം വാങ്ങാതെ സംഘടനയുടെ കീളഴിലുള്ള വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കണം. മെറിറ്റ് അനുസരിച്ച് അപ്പോയിന്‍മെന്റുകള്‍ നടക്കണം. സംഘടനയ്ക്ക് ആരെങ്കിലും സംഭാവന നല്‍കിയാല്‍ അതിന് കൃത്യമായ രസീത് നല്‍കണം. എസ്.എന്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണം. വിദ്യാലയങ്ങള്‍ക്കായി വരുന്ന ഗ്രാന്റുകള്‍ എവിടെ പോകുന്നുവെന്നും സെന്‍കുമാര്‍ ചോദിച്ചു.