യുപിയിൽ ട്രാക്ടർ മറിഞ്ഞു; 4 കുട്ടികളടക്കം 11 പേർ മരിച്ചു

ലക്നൌ:യുപിയിൽ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികൾക്കടക്കം 11 പേർക്ക് ദാരുണാന്ത്യം.യുപിയിലെ ത്സാൻസിയിലാണ് ദാരുണ സംഭവം നടന്നത്. ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തന്നെ ഛത്തീസ്ഗഡിൽ ദസറ ആഘോഷങ്ങൾക്കിടെയും വാഹന അപകടം ഉണ്ടായി.അതിൽ ഒരാൾ മരിക്കുകയും ചെയ്തു. പതിനാറ് പേർക്കാണ് പരിക്ക് പറ്റിയത്. ആൾക്കൂട്ടത്തിലേക്ക് എസ്‍യുവി പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്. പ്രകോപിതരായ ജനക്കൂട്ടം അപകടമുണ്ടാക്കിയ വാഹനം കത്തിച്ചു. സംഭവത്തിൽ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കർഷക സമരം നടക്കുന്ന ദില്ലി അതിർത്തിയിലെ സിംഗുവിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി സിഖ് നിഹാങ്കുകളുടെ ക്രൂരത. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. നിഹാങ്കുകൾക്ക് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഹരിയാന പൊലീസ് അറിയിച്ചു.കൈപ്പത്തി വെട്ടിമാറ്റിയ ശേഷം പൊലീസ് ബാരിക്കേഡിൽ പ്രദർശനത്തിനെന്നോണം കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം. സിഖ് മതഗ്രന്ഥം നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷയാണ് നൽകിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ സിഖ് നിഹാങ്കുകൾ പറയുന്നുണ്ട്. 35 കാരനായ പഞ്ചാബ് തരൺതാരൺ സ്വദേശി ലക്ബീർ സിംഗാണ് കൊല്ലപ്പെട്ടത്.

Loading...

കൈവെട്ടിമാറ്റിയ ശേഷം യുവാവിനെ തലകീഴായി കെട്ടിതൂക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ നിഹാങ്കുകൾ തന്നെയാണ് കർഷക സംഘടന നേതാക്കൾ അറിയിച്ചു. നിഹാങ്കുകൾക്ക് കർഷക സമരവുമായി യാതൊരു ബന്ധവും ഇല്ലെന്നും കർഷക സംഘടനകൾ വിശദീകരിച്ചു.കർഷക സമരത്തിൻറെ തുടക്കം മുതൽ സായുധരായ സിഖ് നിഹാങ്കുകൾ സിംഗുവിലെ സമരസ്ഥലത്തുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയെ സംഘർഷമാക്കിയതിലും നിഹാങ്കുകളുടെ പങ്ക് വ്യക്തമായിരുന്നു. ലഖിംഗ്പ്പൂർ ഖേരി സംഭവത്തിൽ പ്രതികൂട്ടിലായ ബിജെപിക്ക് സിംഗുവിലെ കൊല കർഷക നേതാക്കൾക്കെതിരെയുള്ള ആയുധമായി. കർഷക നേതാക്കളാണ് കുറ്റവാളികളെന്ന് ബിജെപി ആരോപിച്ചു. അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടു.