നിശ്ചയദാര്‍ഢ്യത്തിലുറച്ച് കര്‍ഷകര്‍; പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ട്രാക്ടര്‍ റാലിയുമായി മുന്നോട്ട്

ന്യൂഡല്‍ഹി : രണ്ടു മാസമായി കര്‍ഷകര്‍ നടത്തിയ സമാധാനപരമായ സമരത്തിന് ശേഷം ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോവുകയാണ് കര്‍ഷകര്‍. അതിശക്തമായ സമരപരിപാടികളാണ് കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ എല്ലാം തകര്‍ത്തുകൊണ്ടാണ് കര്‍ഷകര്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു.

നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. മാര്‍ച്ച് തടയാനായി പോലീസ് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചത്.നൂറ് കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുന്നത്. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം. റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

Loading...