നല്ല മനുഷ്യർ, സുഖജീവിതം, ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് ട്രെയിൻ കത്തിച്ച പ്രതി

കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട തീവണ്ടിയുടെ കോച്ചിന് തീവെച്ച കേസിലെ പ്രതി പ്രസോണ്‍ജിത്ത് സിദ്ഗര്‍ പോലീസിനോട് ചോദിച്ച ചോദ്യം ഏവരെയും ഞെട്ടിച്ചു. എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോ’ എന്നാണ് കസ്റ്റഡിയിലുള്ള പ്രസോൺജിത് സിദ്ഗർ പോലീസിനോട് ചോദിച്ചത്. ഭക്ഷണത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ഇയാൾക്ക്. റിമാൻഡ് ചെയ്ത സബ് ജയിൽ നല്ലതാണെന്നും നല്ല ഭക്ഷണവും സൗകര്യവുമാണ് ഇവിടെയുള്ളതെന്നും പ്രസോൺജിത് പറയുന്നു.

പ്രസോൺജിത് സിദ്ഗർ തലശേരിയിൽ നിന്ന് കണ്ണൂരിലെത്തിയത് അതേ ട്രെയിനിൽ തന്നെയെന്ന് മൊഴി നല്കിയിട്ടുണ്ട്. തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍തന്നെയാണ് ഇയാള്‍ കണ്ണൂരിലെത്തിയതെന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പോലീസ് തിരിച്ചറിഞ്ഞു. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്‍, ആര്‍.പി.എഫ്. സി.ഐ. ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Loading...

പ്രതിയെ കസ്റ്റഡിയിലെടുത്ത ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതിനിടെ ഉത്തരമേഖലാ ഐ.ജി. നീരജ് കുമാര്‍ ഗുപ്ത പറഞ്ഞത് പ്രതി തലശ്ശേരിയില്‍നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ്. പ്രതി പോലീസിന് നല്‍കുന്ന മൊഴിയില്‍ പലപ്പോഴും വൈരുധ്യമുള്ളത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. കൂടുതൽ സ്ഥിരീകരണത്തിനായി വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.