സാമ്പത്തിക പ്രതിസന്ധി;കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു

ദില്ലി: 600 മെയില്‍ /എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാത്രി സ്റ്റോപ്പുകള്‍ അടക്കം 10,200 ഒഴിവാക്കാനും ധാരണ. 360 പാസഞ്ചര്‍ ട്രെയിനുകള്‍ മെയില്‍ എക്‌സ്പ്രസ് സര്‍വീസുകളായി ഉയര്‍ത്തും യാത്രക്കാര്‍ക്ക് അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് പുതിയ തീരുമാനം.ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടായേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാജ്യത്തെ ട്രയിന്‍ ഗതാഗത സംവിധാനം അനാകര്‍ഷമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന പുതിയ സംവിധാനത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ഇതിന്റെ ഭാഗമായി 600 മെയില്‍ /എക്‌സ്പ്രസ് തീവണ്ടി സര്‍വീസുകള്‍ നിര്‍ത്താനാണ് നീക്കം.

ഒപ്പം 360 പാസഞ്ചര്‍ ട്രെയിനുകള്‍ മെയില്‍ എക്‌സ്പ്രസ് സര്‍വീസുകളായി ഉയര്‍ത്താനും ധാരണയായിട്ടുണ്ട്. മെയില്‍ എക്‌സ്പ്രസ് സര്‍വീസുകള്‍ കുറയുന്നതോടെ സാധാരണ യാത്രക്കാര്‍ ദൂര യാത്രകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റുകളെ അടക്കം ആശ്രയിക്കേണ്ടി വരും. ഇത് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പാസഞ്ചര്‍ സര്‍വീസുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെടുന്നതോടെ ആ സര്‍വീസുകളെ ആശ്രയിച്ചവര്‍ക്കും അധിക ചെലവുണ്ടാകും. നഷ്ടമെന്ന പേരില്‍ 10,200 സ്റ്റോപ്പുകള്‍ ഒഴിവാക്കാനും പദ്ധതി ഉണ്ട്. ഇതില്‍ 1600 ഓളം സ്റ്റോപ്പുകള്‍ രാത്രി യാത്രാ സ്റ്റോപ്പുകള്‍ ആണ്. ബോംബെ ഐ ഐ ടിയുടെ സഹായത്തോടെയാണ് റെയില്‍വേപുതിയ തീരുമാനത്തിലേക്ക് കടക്കുന്നത്.

Loading...

സ്ഥിതിഗതികള്‍ സാധാരണ നിലയിലായ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു. എന്നാല്‍ പുതിയ മാറ്റങ്ങള്‍ അനുസരിച്ചുള്ള റെയില്‍വേ ടൈം ടേബിള്‍ ഡിസംബറില്‍ നടപ്പില്‍ വരാനാണ് സാധ്യത. പരിഷ്‌കരണം വഴി 2000 കോടി രൂപ റെയില്‍വേയ്ക്ക് ലാഭം ഉണ്ടാകുമെന്നാണ് അവകാശ വാദം. എന്നാല്‍ ജനങ്ങളെ അകറ്റി റെയില്‍വേയെ നഷ്ടത്തിലാക്കാന്‍ വേണ്ടിയാണ് നീക്കമെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇത് വഴി റെയില്‍വേ സ്വകാര്യവല്‍ക്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സമിതി അംഗം എം ബി രാജേഷ് ആരോപിച്ചു.