സ്ഥലം മാറ്റിയ കന്യാസ്ത്രികള്‍ക്കെതിരായ നടപടി ജലന്ധര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് മരവിപ്പിച്ചു

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രികള്‍ക്കെതിരായ നടപടി ജലന്ധര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് മരവിപ്പിച്ചു. ഫ്രാങ്കോക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവര്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാം. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്‌സ്(എസ്ഒഎസ്) സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ കോട്ടയത്ത് ചേരുന്നതിന് മുമ്പാണ് ബിഷപ്പിന്റെ ഉത്തരവെത്തിയത്. സി. അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്കും മാറ്റിയാണ് മദര്‍ ജനറാള്‍ നേരത്തെ ഉത്തരവിറക്കിയത്. സിസ്റ്റര്‍ നീന ജോസ്, ജോസഫിന്‍ എന്നിവരോടും വേറെ മഠങ്ങളിലേക്ക് മാറ്റിയിരുന്നു.

അനുമതിയില്ലാതെ ഇനി ഒരു ഉത്തരവും ഇവര്‍ക്കെതിരെ പുറപ്പെടുവിക്കരുതെന്ന് മദര്‍ ജനറാളിനും നിര്‍ദ്ദേശം നല്‍കി. സ്ഥലംമാറ്റം സംബന്ധിച്ച് ബിഷപ്പിന്റെ ഉത്തരവിനാണ് പ്രാധാന്യമെന്ന് സി. അനുപമ പ്രതികരിച്ചു. അതിന് മുകളില്‍ ഉത്തരവിറക്കാന്‍ ഒരു പിആര്‍ഒയ്ക്കും അനുമതിയില്ല. ബിഷപ്പ് ഫ്രാങ്കോയാണ് ഇതിനെല്ലാം പിന്നിലെന്നും കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും സി. അനുപമ കൂട്ടിച്ചേര്‍ത്തു.

Loading...