ശബരിമല ദര്‍ശനം നടത്താന്‍ വന്ന ഭിന്നലിംഗക്കാരിയെ പൊലീസ് തിരിച്ചയച്ചു ; സംഭവത്തില്‍ അധികൃതരിലും ആശയകുഴപ്പം

പത്തനംതിട്ട :ശബരിമല ദര്‍ശനം നടത്താന്‍ വന്ന ഭിന്നലിംഗക്കാരിയെ പൊലീസ് തിരിച്ചയച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഭിന്നലിംഗക്കാരി അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. തമിഴ്‌നാട്ടിലെ വെള്ളൂര്‍ സ്വദേശിനിയായ 30 വയസ്സുകാരി മോഹനാണ് പൊലീസിന്റെ പിടിയിലായത്. കാഴ്ചയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് മോഹനെ ചോദ്യം ചെയ്തത്.

ഭിന്നലിംഗക്കാരിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡുമായാണ് മോഹന്‍ ദര്‍ശനത്തിന് എത്തിയത്. തുടര്‍ന്ന് പൊലീസ് സംഘം മോഹനെ പമ്പയിലേക്ക് തിരിച്ചയക്കുകയായിരുന്നു. രണ്ട് പോലീസികാരും പമ്പ വരെ മോഹനെ അനുഗമിച്ചു. ശബരിമലയില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രവേശനം നല്‍കാമോ എന്ന കാര്യത്തില്‍ അധികൃതരിലും ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ തവണയും സന്നിധാനത്ത് ഭിന്നലിംഗക്കാര്‍ക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് ആധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം ഭിന്നലിംഗക്കാര്‍ സന്നിധാനത്ത് ദര്‍ശനം നടത്തുന്നത് ആചാരങ്ങളുടെ ലംഘനമാണോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ പറഞ്ഞു. എന്തു തന്നെയായാലും സംഭവത്തില്‍ പൊലീസ് എടുത്ത നടപടികളോട് യോജിക്കുന്നതായും പത്മകുമാര്‍ കൂട്ടി ചേര്‍ത്തു.