മതപരമായ വിവേചനമെന്ന് ഹവായ് കോടതി, ട്രംപിന്റെ പുതിയ യാത്രാവിലക്കിനും തിരിച്ചടി, ജുഡീഷ്യറി അതിരു കടക്കുന്നു: ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഷ്‌ക്കരിച്ച യാത്രാവിലക്കിനും തിരിച്ചടി നേരിട്ടു.
നിരോധനം നിലവില്‍ വരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പാണ് ഹവായിയിലെ കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. മുസ്ലിം ഭൂരിപക്ഷമുള്ള 6 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യുട്ടിവ് ഉത്തരവ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ഡെറിക് വാട്ട്‌സണ്‍ ഹവായിയില്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു.
വിദ്യാര്‍ത്ഥികളുടെയും ടൂറിസ്റ്റുകളുടെയും വരവ് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ഹവായിക്ക് സാമ്പത്തികമായ നഷ്ടമുണ്ടാകുമെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ. ഭരണഘടനയനുസരിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കു നേരെയുള്ള വിവേചനമാണ് അഭയാര്‍ഥികളെ വിലക്കുന്നതിനുള്ള ഉത്തരവെന്ന് ജഡ്ജി ഡെറിക് വാട്‌സന്‍ നിരീക്ഷിച്ചു. മതപരമായ വിവേചനം തടയുന്ന അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിയുടെ ലംഘനമാണ് എക്‌സിക്യൂട്ടീവ് ഉത്തരവെന്ന ഹവായിയുടെ വാദം നിലനില്‍ക്കുന്നതാണെന്നും ഗവണ്മെന്റിനെ യുക്തിരാഹിത്യം വളരെ പ്രകടമാണെന്നും ജഡ്ജി പറഞ്ഞു.
ജുഡീഷ്യറിയുടെ അതിരുകടക്കലിന് ഉദാഹരണമാണ് വിധിയെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അഭയാര്‍ഥി പ്രവാഹം തടയാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നും ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും ട്രംപ് പറഞ്ഞു.
യാത്രവിലക്കിനെതിരായുള്ള ഹര്‍ജികളില്‍ വാഷിംഗ്ടണ്‍ ഡിസിയിലെയും മേരിലാന്‍ഡിലെയും കോടതികളും വാദംകേട്ടിട്ടുണ്ട്. അരഡസനിലേറെ സംസ്ഥാനങ്ങളില്‍ യാത്രാവിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ ഉത്തരവ് രാജ്യം മുഴുവനും ബാധകമാണെന്ന് ജഡ്ജി വാട്ട്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ 2012 ലാണ് വാട്ട്‌സണെ ഫെഡറല്‍ ജഡ്ജിയായി നിയമിച്ചത്. ഹവായിയില്‍നിന്നും ഇപ്പോഴുള്ള ഏക ഫെഡറല്‍ ജഡ്ജിയും അദ്ദേഹമാണ്. യുഎസിന്റെ ചരിത്രത്തില്‍ ഹവായിക്കാരനായ നാലാമത്തെ ഫെഡറല്‍ ജഡ്ജിയുമാണ് വാട്ട്‌സണ്‍.
നിയമപരമായുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ചാണ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഗവണ്മെന്റ് അറ്റോര്‍ണിമാര്‍ വാദിച്ചത്. എന്നാല്‍ മതപരമായ വിവേചനം പുലര്‍ത്തുന്ന ഉത്തരവ് യുഎസ് ഭരണഘടനക്ക് എതിരാണെന്ന വാദമാണ് പൗരാവകാശ യുണിയനുകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ പ്രധാനമായും ഉന്നയിച്ചത്.
ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെയും അഭയാര്‍ഥികളെയും തടഞ്ഞ വിവാദ ഉത്തരവില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ട്രംപ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവില്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്ന് താല്‍ക്കാലികമായി വിലക്കിയത്.