വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാൻ ഇത്തിഹാദ് എയർവേസ്

വളർത്തുമൃഗങ്ങളെയും കൂടെക്കൊണ്ടുപോകാൻ ഇത്തിഹാദ് എയർവേസ് അവസരമൊരുക്കുന്നു. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ് വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്തിരിക്കണം. യാത്രായോഗ്യമാണെന്ന് 10 ദിവസത്തിനുള്ളിൽ മൃഗഡോക്ടർ നൽകിയ സാക്ഷ്യപത്രത്തോടൊപ്പം അന്താരാഷ്ട്രനിയമം അനുസരിച്ചുള്ള യാത്രാരേഖകൾ ചെക്ക് ഇൻ സമയത്ത് ഹാജരാക്കണം.

കൂടിന്റെയും മൃഗത്തിന്റെയും ഭാരം എട്ടുകിലോയിൽ കൂടാൻ പാടില്ല. കുറഞ്ഞത് 16 ആഴ്ചയെങ്കിലും പ്രായമുള്ളവയായിരിക്കണം. ആറുമണിക്കൂറിൽ കുറവുള്ള യാത്രയ്ക്ക് 550 ദിർഹവും ആറുമണിക്കൂറിൽ കൂടുതലുള്ള യാത്രയ്ക്ക് 920 ദിർഹവുമാണ് നിരക്ക്. ഭക്ഷണം അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കണം. സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ 50x43x50 സെന്റീമീറ്റർ വരെ കൂടിന് വലിപ്പമാകാം.

Loading...

മൃഗത്തിന്റെ പേര്, ഇനം, ജനനതീയതി, മൈക്രോചിപ്പ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
പുറപ്പെടുന്നതും എത്തുന്നതുമായ രാജ്യത്തെ നിയമങ്ങൾ നിർബന്ധമായും പാലിക്കണം. യാത്രയ്ക്കിടയിൽ നൽകേണ്ട മരുന്നുകളുണ്ടെങ്കിൽ കരുതണം. പ്രത്യേക സീറ്റ് വേണമെങ്കിൽ അധികതുക നൽകി ബുക്ക് ചെയ്യണം.