കൊറോണ;അതീവഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധദമ്പതികള്‍ ആശുപത്രി വിട്ടു

കോട്ടയം: കൊറോണ ബാധിച്ചതിനെത്തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വൃദ്ധദമ്പതികള്‍ ആശുപത്രി വിട്ടത് ആശങ്കകള്‍ക്കിടയിലും നല്‍കുന്ന ആശ്വാസം ചെറുതല്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇറ്റലിയില്‍ നിന്ന് വന്ന മൂന്നംഗ കുടുംബത്തില്‍ നിന്നായിരുന്നു ഇവര്‍ക്ക് കൊറോണ പിടിപെട്ടത്. 60 വയസ്സിന് മുകളിലുള്ളവരെല്ലാം ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയത് കൊണ്ട് ഇരുവരും ഹൈറിസ്‌ക് വിഭാഗത്തിലായിരുന്നു.

പത്തനംതിട്ടയിലെ തോമസ്(93), മറിയാമ്മ(88) എന്നീ ദമ്പതികള്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്. പ്രായാധിക്യം മൂലം നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ക്ക് അതിന് പുറമെയാണ് വീണ്ടും അസുഖം ബാധിച്ചത്. ഏതായാലും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് ഇവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ ഡോക്ടര്‍മാക്ക് കഴിഞ്ഞത്.

Loading...

ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റാക്കി. മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്. തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്നു മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്കു മാറ്റി.

ഇവരെ രണ്ടുപേരെയും ഓരോ റൂമുകളില്‍ തനിച്ചു പാര്‍പ്പിച്ചിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും അസ്വസ്ഥരായി കാണപ്പെട്ടിരുന്നു. തുടര്‍ന്ന് പതിനൊന്നാം തീയതി ഇവര്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ കഴിയുന്നവിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്കു മാറ്റി. ഇടയ്ക്കുവച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതലാവുകയും ഓക്‌സിജന്‍നില കുറവായി കാണപ്പെടുകയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്തു. തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും ചെയ്തു.