പാലക്കാട്. ഉന്തിയ പല്ല് അയോഗ്യതയായപ്പോള്‍ അട്ടപ്പാടിയിലെ ഗോത്രവര്‍ഗ യുവാവിനു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം നഷ്ടമായി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലിയാണ് യുവാവിനി നഷ്ടപ്പെട്ടത്. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന് മുത്തുവിനാണു പല്ലിന്റെ തകരാര്‍ സര്‍ക്കാര്‍ ജോലിക്കു തടസ്സമായത്.
പിഎസ്സിയുടെ സ്പെഷല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്.
18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണു വിദഗ്ധാഭിപ്രായം. മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്പര്‍ വിഭാഗം. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാതിരുന്നതെന്നു മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്സി അറിയിച്ചു. ഇതു കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും.