തിരുവനന്തപുരം: മൃഗശാലയിലെ അനക്കോണ്ടകള്‍ ഇനി മുതൽ ശീതീകരിച്ച മുറിയില്‍ താമസം തുടങ്ങി. തലസ്ഥാന മൃഗശാലയിലെ ഏറ്റവും വലിയ ആകര്‍ഷകങ്ങളിലൊന്നായ അനക്കോണ്ടകള്‍ക്കുവേണ്ടി പണിത പുതിയ കൂടിന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. 2,16,16,491 കോടി രൂപ ചെലവാക്കിയാണ് പുതിയ ശീതീകരിച്ച പാമ്പിന്‍കൂട് പണിതത്. പഴയ കൂടുകളിലെ സ്ഥലപരിമിതി, പാമ്പുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമില്ലായ്മ എന്നിവയാണ് പുതിയ കൂട് നിര്‍മിക്കാന്‍ കാരണം. നിലവില്‍ പണികഴിപ്പിച്ചിട്ടുള്ള എസി കെട്ടിടത്തില്‍ അനക്കോണ്ടകളും ഒരു രാജവെമ്പാലയും മാത്രമാണ് താമസക്കാര്‍. ഇതിനോടു ചേര്‍ന്നുള്ള മറ്റു ചെറുകൂടുകളില്‍ മറ്റിനം പാമ്പുകളെയും പാര്‍പ്പിക്കും.

അനക്കോണ്ടകളുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് കൂടുകളുടെ വലിപ്പം കൂട്ടുകയോ വലിയ കൂടുകള്‍ നിര്‍മിക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. 2014 ഏപ്രില്‍ 10 നാണ് ശ്രീലങ്കയില്‍ നിന്ന് അനക്കോണ്ടകളെ തലസ്ഥാന മൃഗശാലയില്‍ എത്തിച്ചത്. അന്നു തീരെ വലിപ്പം കുറഞ്ഞവയായിരുന്നു അവ. ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞപ്പോള്‍ അവയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതായി. സിനിമകളില്‍ കാണുന്ന അനക്കോണ്ടയെ അനുസ്മരിപ്പിക്കും വിധമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ മതിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.

നാലു വര്‍ഷം മുന്‍പ് പ്രതിവര്‍ഷം ഒരു കോടിയില്‍ താഴെ വരുമാനമുണ്ടായിരുന്ന മൃഗശലായയില്‍ അനക്കോണ്ടകള്‍ എത്തിയതോടെ വരുമാനം ആറു കോടിയിലേറെയാണ്. ബി. ജോസഫ് ഡയറക്ടറായിരുന്ന കഴിഞ്ഞ ഓണക്കാലത്ത് റെക്കോര്‍ഡ് കലക്ഷനാണ് മൃഗശാല നേടിയത്. അനക്കോണ്ടകളെ മാത്രം കാണാനായി പ്രത്യേകം ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അനക്കോണ്ടകളും വെള്ളക്കടുവകളും ഉള്‍പ്പെടെയുള്ളവയെ കാണാനായി ഈ ഒണക്കാലത്തും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ വേണ്ട സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു.

ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി മൃഗശാലാവകുപ്പിന്റെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും മ്യൂസിയം മൃഗശാല വകുപ്പ് സംബന്ധമായ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1,40,480 ലക്ഷം രൂപയാണ് ചെലവ്. തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ഉപകേന്ദ്രങ്ങളായ തൃശൂര്‍ മൃഗശാലയുടെയും, കോഴിക്കോട് കൃഷ്ണ മേനോന്‍ മ്യൂസിയത്തിന്റെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷാ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കെല്‍ട്രോണ്‍ ആണ്.

കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്, സാംസ്‌ക്കാരിക സെക്രട്ടറി റാണിജോര്‍ജ്, മൃഗശാലാ ഡയറക്ടര്‍ കെ. ഗംഗാധരന്‍, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എ. ഷാജി, മൃഗശാലാ സൂപ്രണ്ട് സദാശിവന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.