തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണിന് ഇളവുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണിന് ഇളവുകൾ ഏർപ്പെടുത്തി സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നാളെ രാവിലെ ആറ് മണി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. നഗര പരിധിയിൽ രാത്രികർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ. സാധനങ്ങൾ വാങ്ങാനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ആളുകൾക്ക് പുറത്തിറക്കാനാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സർവീസ് നടത്താം. ബസ് ഗതാഗതം ഉണ്ടാകില്ല. നഗരത്തിൽ പരീക്ഷകൾ നടത്താൻ അനുമതിയില്ല. ഐടി സ്ഥാപനങ്ങൾക്ക് അത്യാവശ്യം ജീവനക്കാരെ വച്ചു പ്രവർത്തിക്കാം.

കടകൾ രാവിലെ 7 മുതൽ 12 വരെയും 4 മുതൽ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകൾ വഴി മാത്രം അനുവദിക്കും. നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തൻ പള്ളി മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം. അതേസമയം തിരുവനന്തപുരത്ത് ഇന്ന് 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതിൽ തീരദേശമേഖലയായ കോട്ടപുരത്ത് അഞ്ച് പേർക്കും ബീമാപ്പള്ളിയിൽ രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയേറ്റിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ പുതുതായി 777 പേരെ രോഗ നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,612 ആയി.

Loading...

സംസ്ഥാനത്ത് ഇന്ന് 435 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 206 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.