‘ഓഹ് മൈ ഗോഡ്, ഐ ഫോര്‍ഗറ്റ് ഇറ്റ്’; പാട്ടിന്റെ വരി മറന്നെന്ന് റാണു മൊണ്ടാല്‍: വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെയാണ് ഗായിക റാണു മണ്ഡാല്‍ പ്രശസ്തി നേടുന്നത്. ഇപ്പോള്‍ താരത്തിന് കൈനിറയെ അവസരങ്ങളാണ്. അതിനൊപ്പം വിവാദങ്ങള്‍ക്കൊപ്പവും നിറഞ്ഞു നില്‍ക്കുകയാണ് താരം. റാണുവിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് അവസാനമായി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അന്ന് വലിയ രീതിയിലുള്ള ട്രോള്‍ ആക്രമമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ സ്വന്തം പാട്ടിന്റെ വരികള്‍ മറന്നുപോയ റാണുവിന്റെ ഒരു വിഡിയോ വൈറലാവുകയാണ്.

ഗായകന്‍ ഹിമേഷ് രെഷ്മിയയ്ക്കൊപ്പം ഗാനം ആലപിച്ചുകൊണ്ടാണ് റാണു ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. റിലീസിന് ഒരുങ്ങുന്ന ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍ എന്ന ചിത്രത്തിലെ ‘തേരി മേരി’എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. റാണുവിനെ പിന്നണി ഗായികയാക്കിയ ഈ ഗാനമാണ് മറന്നുപോയത്. ഒരു പരിപാടിയ്ക്കിടെയായിരുന്നു സംഭവം. അവതാരികയായി എത്തിയ മാധ്യമ പ്രവര്‍ത്തക ഭര്‍ഖ ദത്ത് റാണുവിനോട് ഒരുഗാനം ആലപിക്കാന്‍ പറഞ്ഞു. ഹിമേഷ് ജിയ്ക്കൊപ്പമുള്ള ഗാനം പാടാം എന്ന് പറഞ്ഞ് റാണു മൈക്ക് എടുത്തു. എന്നാല്‍ കുറച്ചു നേരം മിണ്ടാതെ ഇരുന്ന ശേഷം ‘ഓഹ് മൈ ഗോഡ്, ഐ ഫോര്‍ഗറ്റ് ഇറ്റ്’ എന്നാണ് റാണു പറഞ്ഞത്.

Loading...

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ. നിരവധി ട്രോളുകളാണ് ഈ വിഡിയോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. കൊല്‍ക്കത്ത റെയില്‍ വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ ഇരുന്നുള്ള റാണുവിന്റെ ഒരു ഗാനമാണ് ഇവരെ സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആക്കിയത്. അതിന് പിന്നാലെയാണ് ഹിമേഷിന്റെ ഗാനത്തിലൂടെ ഇവര്‍ ബോളിവുഡിലേക്ക് അരങ്ങേറിയത്.

റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അതീന്ദ്ര ചക്രവര്‍ത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോള്‍ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കര്‍ സൂപ്പര്‍ ഹിറ്റാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആ വീഡിയോ ഞൊടിയിടയില്‍ വൈറലായി. ലക്ഷക്കണക്കിനാള്‍ക്കാര്‍ കാണുകയും ഷെയര്‍ ചെയ്യുകയും സംഭവം ബോളിവുഡില്‍ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കില്‍നിന്നും അന്വേഷണങ്ങള്‍ വന്നു.