‘എന്ത് പ്രഹസനമാണ് സല്‍മാനേ’ ശരീരം മുഴുവന്‍ ചെളി തേച്ച് കര്‍ഷകരെ ആദരിച്ച സല്‍മാനെതിരെ ട്രോളുകള്‍

ബോളിവുഡ് താരം സല്‍മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരുപാട് ചര്‍ച്ചയായ ഒരു ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ആ ചിത്രം പൊതുജനങ്ങള്‍ക്ക് പരിഹാസ്യമായിത്തീര്‍ന്നിരിക്കുകയാണ്. ചളിയില്‍ കുളിച്ച് നിലത്തിരിക്കുന്ന ഒരു ചിത്രമായിരുന്നു സല്‍മാന്‍ ഖാന്‍ പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ഒരു അടിക്കുറിപ്പും ഇട്ടിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ഈ ചിത്രം ഇട്ടതിന് തൊട്ടുപുറകെ തന്നെ വലിയ ട്രോളുകളാണ് എത്തിയിരിക്കുന്നത്.

‘എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക’ എന്ന അടിക്കുറിപ്പോടെ ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ തന്റെ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെയും സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള താരത്തിന്റെ പുതിയ ചിത്രം.

Loading...

സല്‍മാന്‍ ഖാന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. താരത്തെ അഭിനന്ദിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയപ്പോള്‍, മറ്റൊരു വിഭാഗം കടുത്ത വിമര്‍ശനമാണ് സല്‍മാനെതിരെ ഉന്നയിക്കുന്നത്.അതേസമയം തന്നെ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും കൂടി ബഹുമാനിക്കാന്‍ പഠിക്കൂ എന്നായിരുന്നു ചിലരുടെ കമന്റ്. എന്ത് പ്രഹസനമാണ് എന്ന് ചോദിച്ച് കൊണ്ട് മലയാളത്തിലുള്ള നിരവധി കമന്റുകളും ചിത്രത്തിന് താഴെ കാണാം.അതേസമയം ചെളി ശരീരത്തില്‍ തേച്ച് കൊണ്ടുള്ള ഫോട്ടോഷൂട്ടാണിതെന്നാണ് ചിലര്‍ വിമര്‍ശിച്ചത്.