ടിആര്‍പി തട്ടിപ്പ്; കേസ് ആന്വേഷണം ഏറ്റെടുത്ത് സിബിഐ

ടിആര്‍പി തട്ടിപ്പ് കേസില്‍ വഴിത്തിരിവ്. കേസ് അന്വേഷത്തിന് സിബിഐയും. യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു.നീക്കം റിപബ്ലിക് ടി വി യെ രക്ഷപ്പെടുത്താന്‍ വേണ്ടിയെന്ന് ആക്ഷേപം ഉയര്‍ന്നു. റിപബ്ലിക് ടി വി നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ട് പേരെ കൂടി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ടി വി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അടക്കമുള്ളവരെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.ടിആര്‍പി കൃത്രിമം ആരോപിച്ചുള്ള പരാതിയില്‍ ലക്നൗവിലെ ഹസ്രത്ത് ഗഞ്ച് പോലീസ് ശനിയാഴ്ച കേസ് എടുത്തിരുന്നു.

ഗോള്‍ഡന്‍ റാബിറ്റ് കമ്യുണിക്കേഷന്‍ എന്ന പരസ്യ കമ്പനി ഉടമ കമല്‍ ശര്‍മ്മയുടെ പരാതിയില്‍ ആയിരുന്നു കേസ് എടുത്തത്. ഈ കേസാണ് സിബിഐക്ക് നല്‍കിക്കൊണ്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. മുംബൈ പോലീസില്‍ നിന്ന് കേസ് ഒഴിവാക്കി പകരം സിബിഐയെ കേസ് ഏല്‍പ്പിക്കണം എന്ന് പ്രധാന കുറ്റാരോപിതരായ റിപബ്ലിക് ടി വി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഴി കേസ് അന്വേഷണത്തില്‍ സിബിഐയെ പങ്കാളിയാക്കിയിരിക്കുന്നത്. സിബിഐയെ ഇറക്കിയത് റിപബ്ലിക്കിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് മുംബൈ പോലീസ് തീരുമാനം.

Loading...

സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിര്‍ദേശം ഇല്ലാതെ കേസ് കൈമാറാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് അവര്‍. അതേസമയം കേസില്‍ രണ്ട് പേരെ കൂടി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ചാനല്‍ റേറ്റിങ് കൂട്ടാന്‍ റിപബ്ലിക് ടിവിയെ സഹായിച്ചുവെന്ന ആരോപണം നേരിടുന്ന ഹന്‍സ റിസര്‍ച്ച് ഗ്രുപ്പിന്റെ രണ്ട് മുന്‍ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ ആളുകളുടെ എണ്ണം 8 ആയി. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാന്‍ റിപബ്ലിക് ടി വി അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഇത് പാലിച്ചില്ല. തുടര്‍ന്നാണ് നാല് റിപബ്ലിക് ടി വി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനനിച്ചത്. റിപ്പബ്ലിക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ഡിസ്ട്രിബ്യുട്ടര്‍ എന്നിവരെയാണ് പോലീസ് വിളിച്ചു വരുത്തിയത്. അതേസമയം റിപബ്ലിക്കിനെതിരെ ഹന്‍സ ഗ്രൂപ്പ് മുംബൈ സിറ്റി സിവില്‍ കോടതിയെ സമീപിച്ചു. വാര്‍ത്തകളില്‍ ഹന്‍സ ഗ്രുപ്പിന്റെ പേര് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.