പിന്നോട്ടെടുത്ത വാഹനത്തിനടിയിൽപ്പെട്ടു, ആലുവയിൽ മദ്രസ അധ്യാപകൻ മരിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ആലുവ: പിന്നോട്ടെടുത്ത മിനി ട്രക്ക് വാഹനത്തിനടിയിൽപ്പെട്ട് മദ്രസ അധ്യാപകൻ മരിച്ചു. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നോട്ട് വന്ന വാഹനത്തിനടിയിൽ മുഹ്‌യുദ്ദീന്‍ അകപ്പെടുന്നത്. എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ വണ്ടിയുടെ ഡ്രൈവർ പുറത്തിറങ്ങി നോക്കിയെങ്കിലും രാത്രിയായതിനാൽ ഒന്നും മനസിലായില്ല. മുഹ്‌യുദ്ദീന്‍ വാഹനത്തിനടിയിലുമായിരുന്നു. പിന്നെയും വണ്ടി എടുക്കാൻ ശ്രമിച്ചെങ്കിലും എന്തോ തടയുന്നതായി ഡ്രൈവർക്ക് തോന്നി.

Loading...

രാവിലെ പത്രവിതരണത്തിനായി എത്തിയവര്‍ ഓടിക്കൂടിയപ്പോഴാണ് വണ്ടിക്കടിയില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പാലുമായി വന്ന വാഹനത്തിന്റെ ഭാരം മൂലം മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സമയമെടുത്തു. ഭാരം കാരണം വാഹനം പൊക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ലോഡ് മുഴുവൻ ഇറക്കിയ ശേഷം വണ്ടി ചരിച്ചാണ് മുഹ്‌യുദ്ദീനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.