പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നീട് വേര്‍പിരിഞ്ഞു…തീര്‍ന്നില്ല, 33 വര്‍ഷങ്ങള്‍ക്ക് ശേഷം അഗതിമന്ദിരത്തില്‍ വീണ്ടും ഒന്നിച്ചു

കൗമാര പ്രണയവും തുടര്‍ന്നുള്ള ദാമ്പത്യവും ഒടുക്കം വേര്‍പിരിയലില്‍ എത്തിയപ്പോള്‍ അവിടെ എല്ലാം തീര്‍ന്നു എന്നാണ് എല്ലാവരെയും പോലെ സുഭദ്രയും സെയ്തുവും കരുതിയത്. എന്നാല്‍, ആ ദൂരം താണ്ടിയ ഇരുവരും വീണ്ടും കണ്ടു മുട്ടിയിരിക്കുന്നു.. അതും ഒരു അഗതി മന്ദിരത്തില്‍.

പുല്ലൂറ്റ് നീലക്കംപാറ ‘വെളിച്ചം’ അഗതി മന്ദിരമാണ് തികച്ചും വിത്യസ്തമായൊരു കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ഒരിക്കല്‍ രണ്ട് അരുവികളായി വന്ന്, ഒരു പുഴയായ് ഒഴുകി, ഒടുക്കം ഇരുദിശകളിലേയ്ക്ക് വഴിമാറി ഒഴുകേണ്ടി വന്നവരാണ് എണ്‍പത്തിയെട്ടുകാരി സുഭദ്രയും സെയ്തുവും.

Loading...

കഥ ഇങ്ങനെ,

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഭര്‍ത്താവ് മരിച്ച ചാപ്പാറ സ്വദേശി സുഭദ്ര അച്ഛനോടൊപ്പമായിരുന്നു കഴിഞ്ഞുവന്നത്. സുഭദ്രയോട് പ്രണയം തോന്നിയ വട്ടപ്പറമ്പില്‍ സെയ്തു വിവാഹഭ്യര്‍ത്ഥന നടത്തി. അങ്ങനെ ഇരുവരുടെയും വിവാഹവും നടന്നു. 27 വര്‍ഷത്തെ ഒരുമിച്ചുള്ള ദാമ്പത്യജീവിതത്തിനു ശേഷം സെയ്തു ഉത്തരേന്ത്യയിലേയ്ക്ക് ജോലി തേടിപ്പോയി. പിന്നെ മടങ്ങി വന്നില്ല.

കാലങ്ങള്‍ ഏറെക്കഴിഞ്ഞു. രണ്ട് മക്കളും മരണപ്പെട്ട സുഭദ്രയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അഗതിമന്ദിരത്തില്‍ എത്തിച്ചു. അങ്ങനെ, വെളിച്ചം അഗതിമന്ദിരത്തിലെ കെയര്‍ ടേക്കര്‍ കരീമിന്റെ നേതൃത്വത്തിലുള്ള പരിചരണത്തില്‍ സുഭദ്ര ആരോഗ്യവതിയായി.

ഇതേ സമയം, സെയ്തുവാകട്ടെ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേയ്ക്ക് തിരികെയെത്തി. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ കഴിഞ്ഞിരുന്ന സെയ്തുവിനെയും പൊലീസുകാര്‍ തന്നെയാണ് ‘വെളിച്ച’ത്തിലേയ്ക്ക് എത്തിച്ചത്.

അങ്ങനെ, 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും കൂടിക്കണ്ടു. ഇപ്പോള്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സുഭദ്രയും സെയ്തുവും നിറഞ്ഞ് ചിരിക്കുകയാണ്.