പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റാലും അധികാരം കൈമാറില്ലെന്ന സൂചന നൽകി ട്രംപ്

വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ എല്ലാം തന്നെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും താൻ തന്നെ അധികാരത്തിൽ തുടരും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന കാണാം എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ ട്രംപ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതിയെയും രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.മെയിൽ ബാലറ്റുകൾക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കാണ് മെയിൽ ബാലറ്റ് സംവിധാനം അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് മെയിൽ ബാലറ്റുകൾ കൂടുതൽ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി.മെയിൽ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കിൽ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തിൽ താൻതന്നെ അധികാരത്തിൽ തുടരും. മെയിൽ ബാലറ്റുകൾ വലിയ തട്ടിപ്പിന് കാരണമാകും. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന് തടസമാണ് മെയിൽ ബാലറ്റുകൾ. ബാലറ്റുകൾ ഒഴിവാക്കിയാൽ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കിൽ അതുണ്ടാകില്ല. അധികാര തുടർച്ച നിങ്ങൾക്ക് കാണാനാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Loading...