ബാഗ്ദാദിയുടെ മരണത്തെ കുറിച്ച് ട്രംപ് പറയുന്നത്

Loading...

ഇറാഖില്‍ നിന്നും സിറിയ വഴി ലോകത്തെ ഞെട്ടിച്ച ഐഎസ് തലവന് ഒടുവില്‍ അര്‍ഹിച്ച അന്ത്യം സമ്മാനിച്ച് അമേരിക്ക. അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനു ശേഷം അമേരിക്കന്‍ സേനയ്ക്ക് അഭിമാനിക്കാവുന്ന ഒന്നായി ഐസിസ് തലവനായ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം.

മുന്‍പും പല പ്രാവശ്യം അമേരിക്കയുടെ ആക്രമണത്തില്‍ ബാഗ്ദാദി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് ലോകത്തിനോട് ബാഗ്ദാദിയെ തങ്ങള്‍ തീര്‍ത്തതായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസ് തലവനെ ഇല്ലാതാക്കാന്‍ അമേരിക്ക എത്ര കണ്ട് ദാഹിച്ചിരുന്നു എന്ന് വെളിവാക്കുന്ന തരത്തിലാണ് ട്രംപിന്റെ പ്രസ്താവന

Loading...

ബാഗ്ദാദിയെ തീര്‍ക്കാന്‍ രാത്രിയായിരുന്നു അമേരിക്കയുടെ പ്രത്യേക ദൗത്യസേന നടത്തിയ ഓപ്പറേഷന്‍. ബിന്‍ ലാദന്റെ വധം പോലെ തന്നെ ഓപ്പറേഷനിലെ കാഴ്ചകള്‍ അമേരിക്കന്‍ പ്രസിഡന്റ് തത്സമയം കണ്ടിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. നിര്‍ണായക സൈനിക നീക്കത്തെ ട്രംപ് വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് ‘ ഓപ്പറേഷന്‍ ഞാന്‍ നേരില്‍ കണ്ടു. ഞങ്ങളുടെ വേട്ടപ്പട്ടികള്‍ അവനെ ഓടിച്ചു. ഭയന്ന് വിറച്ച് ഞരങ്ങിയും നിലവിളിച്ചും അലറിയും പിടിച്ചു നില്‍ക്കാനാവാതെ ബാഗ്ദാദി മൂന്ന് മക്കളെയും വലിച്ചിഴച്ചുകൊണ്ട് ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. പുറത്തേക്ക് മറ്റ് വഴിയില്ലാത്ത തുരങ്കത്തില്‍ കുടുങ്ങിയ ഭീകരന്‍ ചാവേര്‍ ജാക്കറ്റ് പൊട്ടിച്ച് സ്വയം മരിച്ചു. മൂന്ന് മക്കളും മരിച്ചു. മറ്റുള്ളവരെ ഉപദ്രവിച്ച ദ്രോഹി അമേരിക്കന്‍ സേന ഇരച്ചെത്തിയപ്പോള്‍ കടുത്ത ഭീതിയിലും വെപ്രാളത്തിലുമാണ് തന്റെ അവസാന നിമിഷങ്ങള്‍ എണ്ണിയത്.

സ്ഫോടനത്തില്‍ അവന്റെ ശരീരം ചിന്നിച്ചിതറി. തുരങ്കം ഇടിഞ്ഞ് അവന്റെ മുകളിലേക്ക് പതിച്ചു. അവന്‍ ഒരു ഹീറോയെ പോലെയല്ല മരിച്ചത്. ഒരു ഭീരുവിനെ പോലെ കരഞ്ഞ്, നിലവിളിച്ച്, ഞരങ്ങി, പട്ടിയെ പോലെ ചത്തു. ഈ ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു.’ വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.