വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് 40 ദിവസം മാത്രം ബാക്കി നില്‍ക്കെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രമ്പിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെയും ഉള്‍പ്പെടുത്തി. പുനീത് അഹ്‌ലുവാലിയ (വിര്‍ജീനിയ), കെ.കെ.കുമാര്‍ (കാലിഫോര്‍ണിയ), ശലഭ് കുമാര്‍ (ഇല്ലിനോയി) എന്നിവരാണ് മുപ്പതംഗ കമ്മിറ്റിയലുള്ളത്.
ചരിത്രമെഴുതന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും, ട്രമ്പ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമാണുള്ളതെന്നും റിപ്പബ്ലിക്കന്‍ ഹിന്ദു കൊലീഷന്റെ സ്ഥാപകനായ ശലഭ് കുമാര്‍ പറഞ്ഞു. ട്രമ്പിന്റെ കാലത്ത് അമേരിക്ക – ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വിര്‍ജീനിയയിലെ ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്‍ഡര്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമാണ് പുനീത് അഹ്ലുവാലിയ. ട്രമ്പിന്റെ ഉപദേശക കമ്മിറ്റിയില്‍ അംഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കരുതുന്നുവെന്നും, ട്രമ്പിനെ ഇന്ത്യന്‍ സമൂഹവുമായിവുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഹ്‌ലുവാലിയ പറഞ്ഞു.
വളരെ പ്രധാനപ്പെട്ടതും ചലനാത്മകവുമായ ഏഷ്യന്‍ അമേരിക്കന്‍ പസഫിക് ഐലന്‍ഡര്‍ സമുഹങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ട്രമ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു പകരുന്ന ഈ സമൂഹങ്ങളുടെ പ്രധാന്യം ട്രമ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കഴിഞ്ഞ എട്ടു വര്‍ഷമായി ഒബാമ ഭരണകാലത്ത് ഇത് മന്ദീഭവിച്ച അവസ്ഥയിലായിരുന്നുവെന്നും ട്രമ്പിന്റെ പ്രചാരണ വിഭാഗം ചൂണ്ടിക്കാട്ടി.