ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റി എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജയിംസ് കോമി വ്യാഴാഴ്ച സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ നല്‍കുന്ന മൊഴി നിര്‍ണായകമായേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ടീമിന് റഷ്യയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണം നടത്തുന്ന സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി മുമ്പാകെ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമി വ്യാഴാഴ്ച മൊഴി നല്‍കാന്‍ എത്താനിരിക്കെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംഷ ഉയരുകയാണ്. ട്രമ്പ് പുറത്താക്കിയ കോമിയുടെ മൊഴി ട്രമ്പിന്റെ പ്രസിഡന്‍സിയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പല കേന്ദ്രങ്ങളും വിലയിരുത്തുന്നു. കോമിയോട് വിശ്വസ്തനായിരിക്കുവാന്‍ ട്രമ്പ് ആവശ്യപ്പെട്ടിരുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫ്‌ളിന്നിനെതിരായ അന്വേഷണം ഉപേക്ഷിക്കാന്‍ ട്രമ്പ് നിര്‍ദേശച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണം തനിക്കു മീതെയുള്ള ‘കാര്‍മേഘ’മാണെന്ന് ട്രമ്പ് നിരീക്ഷിച്ചിരുന്നതായും കോമി മൊഴി നല്‍കുമെന്നാണ് സൂചന.
മെയ് ഒമ്പതിന് പുറത്താക്കപ്പെടുന്നതിനു മുമ്പ് ട്രമ്പുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളെല്ലാം കോമി കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തിയേക്കും. ജനുവരി ആറിന് ട്രമ്പ് ടവറില്‍ വച്ചാണ് ഇരുവരും തമ്മില്‍ ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. ട്രമ്പിനെതിരേ ഒരു മുന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഓഫീസര്‍ ശേഖരിച്ചതും വിശ്വാസ്യത തെളിയക്കപ്പെടാത്തതുമായ ആരോപണത്തെപ്പറ്റി കോമി ഈ അവസരത്തില്‍ സൂചന നല്‍കി. റഷ്യന്‍ സെക്യൂരിറ്റി സര്‍വീസുകാരുടെ പക്കല്‍ ട്രമ്പിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പറ്റുന്ന വിവരങ്ങളുണ്ടെന്നായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നത്. മോസ്‌കോയിലെ ഹോട്ടലില്‍ ട്രമ്പ് വേശ്യകളുമായി ഇടപെടുന്നതിന്റെ റിക്കാര്‍ഡിംഗ് റഷ്യക്കാരുടെ പക്കലുണ്ടെന്ന് ഇതില്‍ പറയുന്നു. പിന്നീടു നടന്ന കൂടിക്കാഴ്ചയില്‍ ഈ ആരോപണങ്ങള്‍ ട്രമ്പ് ശക്തമായി നിഷേധിച്ചതായി കോമി വെളിപ്പെടുത്തുമെന്നാണ് സൂചന.
ജനുവരി 27 വൈറ്റ്ഹൗസില്‍ അത്താഴത്തിന് ഇരുവരും മാത്രമുണ്ടായിരുന്ന അവസരത്തില്‍ സംഭാഷണം വളരെ മോശമായ അവസ്ഥയിലേക്കു നീങ്ങിയിരുന്നു. ജോലിയില്‍ തുടരണമെന്നുണ്ടോ എന്ന് ട്രമ്പ് ഈ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവത്രെ. സ്ഥാനമൊഴിയില്ലല്ലോ എന്നു മുമ്പ് രണ്ടു തവണ സംഭാഷണ മധ്യേ ചോദിച്ച ട്രമ്പിന്റെ ഭാഗത്തു നിന്നുണ്ടായ പുതിയ നീക്കം കോമിയെ അമ്പരപ്പിച്ചുവത്രെ. താന്‍ വിശ്വസ്തതയാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രമ്പ് ഈ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. താന്‍ മറുപടിയൊന്നും നല്‍കിയില്ലെന്നാണ് കോമി പറയുന്നത്.
ഫെബ്രുവരി 14 ന് ഇന്റലിജന്‍സ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോമി വീണ്ടും ട്രമ്പിനെ കാണുന്നത്. മീറ്റിംഗ് കഴിഞ്ഞ് കോമിയോടു മാത്രം ഓവല്‍ ഓഫീസില്‍ തുടരാന്‍ ആവശ്യപ്പെട്ട ട്രമ്പ് , ഫ്‌ളിന്നിനെതിരേയുള്ള അന്വേഷണം ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് കോമി ഉറപ്പൊന്നും നല്‍കിയില്ല. അന്വേഷണ പരിധിയില്‍ ട്രമ്പ് വരുന്നില്ല എന്ന് കൂടിക്കാഴ്ചകളില്‍ കോമി ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഒബാമയുടെ കാലത്ത് മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണ മാത്രമാണ് തങ്ങള്‍ നേരിട്ടു കണ്ട് സംസാരിച്ചതെന്ന് കോമി പറയുന്നു. പക്ഷേ, ട്രമ്പ് അധികാരമേറ്റ് നാലു മാസത്തിനുള്ളില്‍ മൂന്നു തവണ നേരിട്ടും ആറു തവണ ഫോണിലും സംഭാഷണം നടത്തിയതായി കോമി വെളിപ്പെടുത്തി.