വാഷിങ്ടണ്‍: കൊറോണ വൈറസില്‍ പകച്ചിരിക്കുകയാണ് അമേരിക്ക. ഏറ്റവും കൂടുതല്‍ മരണവും രോഗബാധിരുടെ എണ്ണവും ഇപ്പോള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്. ഇതിനിടയ്ക്കാണ് മലേറിയ മരുന്നുകള്‍ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ട്രംപ് തന്നെയാണ് അത്തരത്തിലൊരു പ്രതികരണം നടത്തിയിരുന്നത്. എന്നാല്‍ മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ ഗുളികള്‍ ഇന്ത്യ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നില്ല. ഇതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ.
ഈ സാഹചര്യത്തിലാണ് ഇന്ത്യയോട് മലേറിയ മരുന്നുകള്‍ നല്‍കണമെന്ന് അമേരിക്ക അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് വേണ്ടി ഇതില്‍ ഇളവ് വരുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ ടെലിഫോണില്‍ വിളിച്ച് ഈ ആവശ്യം ഉന്നയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്നുമാണ് ട്രംപ് അഭ്യര്‍ത്ഥിച്ചത്.
വൈറ്റ് ഹൗസിൽ നടന്ന കൊറോണവൈറസ് ടാസ്ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.ഡോക്ടർമാർ നിർദ്ദേശിച്ചാൽ താനും മരുന്ന് കഴിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതൽ നിർമിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണൽ സ്റ്റോക്ക്പൈൽ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപുമായി ഫോൺ സംഭാഷണം നടത്തിയ കാര്യം പ്രധാനമനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മലേറിയ മരുന്നിന്റെ കാര്യം സംസാരിച്ചുവെന്ന് അതിൽ പറയുന്നില്ല. കോവിഡ്-19 നെതിരെ ഒരുമിച്ച് പൊരുതാൻ ധാരണയിലെത്തിയെന്നാണ് മോദിയുടെ ട്വീറ്റിൽ പറയുന്നത്. അമേരിക്കയിൽ രോഗം ബാധിച്ചവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് മോദി ആശംസിച്ചു. അമേരിക്കയിൽ നിലവിൽ 301,902 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 8,175 പേർ മരിച്ചു.