അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിക്കും; വര്‍ഷാവസാനം പ്രതിരോധമരുന്ന് കണ്ടെത്തും:ട്രംപ്

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഭീതിപ്പെടുത്തുന്ന രീതിയിലാണ് അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ മരണസംഖ്യ എഴുപതിനായിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും ട്രംപ് മരണസംഖ്യവര്‍ദ്ധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഒരു ലക്ഷത്തോളം ആള്‍ക്കാര്‍ മരിക്കുമെന്നാണ് ട്രംപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫോക്‌സ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയില്‍ ഒരുലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാം. ദാരുണമായ കാര്യമാണതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ വര്‍ഷം അവസാനത്തോടെ തനിക്ക് പ്രതിരോധമരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ട്രംപ് വ്യക്തമാക്കുന്നു.

Loading...

കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നത് അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആള്‍ക്കാര്‍ മരിക്കുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ മരണം എഴുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഇക്കാര്യം തിരുത്തി പറഞ്ഞിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെതിരായ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാന്‍ കഴിയും. അക്കാര്യം വ്യക്തമായി ഗവേഷകര്‍ക്ക് പറയാന്‍ കഴിയുമെന്നും അധികം വൈകാതെ തന്നെ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ മാസത്തോടെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കുന്നു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത് 68,606 പേരാണ്. അതേസമയം 11,88,826 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 1,78,594 പേരാണ്. അതേസമയം രാജ്യത്ത് പകുതിയോളം സ്‌റ്റേറ്റുകള്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പകുതിയോളം നീക്കിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കുന്നു. രാജ്യം ഒന്നാകം അടിച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ രാജ്യം അവശേഷിക്കില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കുന്നത്.