എന്ത് വന്നാലും നാളെ തന്നെ ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

തിരുവനന്തപുരം: നാളെ നടതുറക്കുമ്പോള്‍ എന്ത് വന്നാലും ശബരിമല ദര്‍ശനം നടത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. തന്റെ കൈയില്‍ 2018ലെ സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് ഉണ്ടെന്നും എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം.

ശബരിമലയില്‍ യുവതികള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ വിധി തന്റെ കൈയില്‍ ഉണ്ട്. അതിനാല്‍ തനിക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം. പുനഃപരിശോധാ ഹര്‍ജികള്‍ പരിശോധിച്ച കോടതി പഴയ വിധിക്ക് സ്റ്റേ നല്‍കാത്തതിനാല്‍ ആ വിധി നിലനില്‍ക്കുന്നുണ്ട്. മല കയറാന്‍ വരുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മാതൃ കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി പറഞ്ഞു.

Loading...

അതേസമയം ശബരിമല പുന പരിശോധനാ ഹര്‍ജിയില്‍ വിധി പറയുന്നത് ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടത് നടപടിക്ക് പിന്നാലെ ഈ മണ്ഡലകാലവും വിഷയങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ ഏഴംഗ ബെഞ്ചിന് വിധി പറയുന്നത് വിട്ട കോടതി നടപടിക്ക് പിന്നാലെ ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തത്ക്കാലം യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

യുവതിപ്രവേശ വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാല്‍ വിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് വിവരം. ഇതുസംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകനോട് സര്‍ക്കാര്‍ നിയമോപദേശം തേടും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. ശബരിമല യുവതീ പ്രവേശത്തിന്‍ മേലുള്ള പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് വിവാദമാവുകയും ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്.

വ്രതശുദ്ധിയുടെ ശരണകീര്‍ത്തനങ്ങളുമായി മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഇന്നു തുടക്കം. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് യോഗനിദ്രയിലിരിക്കുന്ന കലിയുഗവരദനു മുന്നില്‍ വിളക്ക് തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കും.

അയ്യപ്പഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം നല്‍കും. പതിനെട്ടാംപടിക്കു മുന്നിലെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ. പ്രസാദ വിതരണം കഴിഞ്ഞാല്‍ പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

ശബരിമല മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളില്‍ വച്ച് അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേല്‍ശാന്തിക്ക് പറഞ്ഞുകൊടുക്കും.

മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിലിരുത്തി, അഭിഷേക ചടങ്ങുകള്‍ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇനി മുതല്‍ ഇരുവരും പുറപ്പെടാ ശാന്തിമാരാണ്.

നാളെ രാവിലെ സന്നിധാനത്ത് ശ്രീകോവില്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയാണ്. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയും.ഡിസംബര്‍ 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. അന്നു രാത്രി പത്തിന് നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും.

മകരവിളക്ക് ജനുവരി 15നാണ്. തീര്‍ത്ഥാടനത്തിന് സമാപനംകുറിച്ച് ജനുവരി 27ന് രാവിലെ ഏഴിന് നട അടയ്ക്കും.