ഹോര്‍മോണ്‍ കുത്തി വെച്ച കോഴി ഇറച്ചി കഴിക്കല്ലേ, പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലെ സത്യം ഇതാണ്

തിരുവനന്തപുരം : വാട്‌സ്ആപ്പിലൂടെ ഹോര്‍മോണ്‍ കുത്തി വെച്ച കോഴി ഇറച്ചി കഴിക്കല്ലേ എന്ന സന്ദേശം പ്രചരിക്കുകയാണ്. ഇത് പലരും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ സംഭവത്തെ കുറിച്ചുള്ള സംശയത്തിന് അറുതി വന്നിട്ടില്ല. പല ഇടത്തും ഈ സംഭവത്തില്‍ ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുന്നുണ്ട് എന്നാല്‍ തുടര്‍ച്ചയായ ബോധ വത്കരണം ഈ വിഷയത്തില്‍ ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ബ്രോയ്‌ലര്‍ കോഴികള്‍ അഞ്ചു മുതല്‍ ആറാഴ്ച കൊണ്ട് രണ്ട് കിലോ ഗ്രാം വളര്‍ച്ചയെത്തുന്നു. ഇതിനി കാരണം അതിന്റെ ജനിതക ഗുണം മൂലവും, മെച്ചപ്പെട്ട സാന്ത്രീകൃത തീറ്റ, അനുയോജ്യമായ വളര്‍ത്തല്‍ രീതികള്‍, വാക്‌സിനേഷന്‍, ജൈവ സുരക്ഷ, രോഗ നിയന്ത്രണം എന്നീ കാര്യങ്ങള്‍ അവലംബിക്കുന്നതിനാലുമാണ്. വളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണ്‍ ഒരു പ്രോട്ടീന്‍ ഹോര്‍മോണ്‍ ആണ്. തീറ്റയിലോ വെള്ളത്തിലോ ചേര്‍ത്ത് ഇവ നല്‍കുകയാണെങ്കില്‍ ഏതൊരു പ്രോട്ടീനുംപോലെ ഇവ അതിവേഗം ദഹനപ്രക്രിയയിലൂടെ വിഘടിച്ചു പോവും. അതിനാല്‍ ഇവ കോഴികളുടെ തൂക്കം വര്‍ധിപ്പിക്കാനുപയോഗിക്കും എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Loading...

ഇത്തരം ഹോര്‍മോണുകള്‍ ഒരു ചെറിയ അളവിലെങ്കിലും വളര്‍ച്ചയ്ക്ക് സഹായിച്ചാല്‍ തന്നെ അത് നിരന്തരം ഇഞ്ചക്ഷന്‍ മുഖേന നല്‍കേണ്ടതായിട്ടുണ്ട്. ഇതേ കാരണത്താലാണ് ഡയബറ്റിക് രോഗികള്‍ ഇപ്പോഴും ഇന്‍സുലിന്‍ കുത്തിവയ്പ്പായിത്തന്നെ എടുക്കുന്നത്. എന്നാല്‍, പതിനായിരക്കണക്കിനും ലക്ഷകണക്കിനും കോഴികളെ ഒരുമിച്ച് വളര്‍ത്തുന്ന ഫാമുകളില്‍ ഇത് മുതലാവുകയോ പ്രയോഗികമാവുകയോ ഇല്ല!

ഇനി ചിലരുടെ സംശയം അത്‌ലറ്റുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റിറോയിഡുകള്‍ ആണോ കോഴികളില്‍ തൂക്കം കൂട്ടാന്‍ ഉപയോഗിക്കുന്നതെന്നാണ്! ചില വിഭാഗം സ്റ്റിറോയിഡുകള്‍ മസില്‍ വളര്‍ച്ചയെ സഹായിക്കുമെന്നത് വാസ്തവമാണ്. എന്നാല്‍, അത്തരത്തിലുള്ള മസില്‍ വളര്‍ച്ചയ്ക്ക് സ്റ്റിറോയിഡ് കുത്തിവയ്പ്പിനൊപ്പം തന്നെ തുടര്‍ച്ചയായ കായികാധ്വാനവും ആവശ്യമാണ്. എന്നാല്‍, കേവലം ഒരു ചതുരശ്ര അടി സ്ഥലം മാത്രം കൊടുത്ത് പറക്കാനോ ഒന്നോടി നടക്കാനോ പോലും സാഹചര്യമില്ലാത്ത ബ്രോയ്‌ലര്‍ കോഴികളില്‍ ഇതൊന്നും തന്നെ പ്രായോഗികമല്ല.

സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ വളരെ ചെലവേറിയതാണെന്ന വസ്തുത ഒരു തവണയെങ്കിലും ഹോര്‍മോണ്‍ ചികിത്സയ്ക്കു വിധേയരായവര്‍ക്കൊക്കെ അറിവുള്ളതായിരിക്കും. വ്യാവസായികാടിസ്ഥാനത്തിലുള്ള ബ്രോയ്‌ലര്‍ കോഴി വളര്‍ത്തല്‍ പലപ്പോഴും ലാഭ നഷ്ടങ്ങള്‍ ഇടകലര്‍ന്ന സംരംഭമായതിനാല്‍ വില കൂടിയ ഹോര്‍മോണ്‍ സംയുക്തങ്ങള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നില്ലന്നുള്ളത് ഈ മേഖലയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ ബോധ്യമുള്ളതാണ്. ഇനിയും സംശയം ബാക്കി നില്‍ക്കുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങള്‍ പോയി പത്തു ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, പ്രീ സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ എന്നീ തീറ്റകള്‍ മുറപ്രകാരം നല്‍കി അവയെ വളര്‍ത്തി നോക്കുക. നിങ്ങളുടെ കോഴികള്‍ക്ക് ആറാഴ്ച കൊണ്ട് ലഭിക്കാന്‍ പോകുന്ന തൂക്കം തന്നെയാണ് നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി എന്ന് പറഞ്ഞാണ് ആരോഗ്യ വിദഗ്ദ്ധര്‍ വാട്സ് ആപ്പ് സന്ദേശങ്ങള്‍ക്ക് പിന്നിലെ തെറ്റിദ്ധാരണ പുറത്തുകൊണ്ടുവന്നത്