കൊല്ലത്ത് സുനാമിയുണ്ടാകുമെന്നും കടൽ കയറുമെന്നും വ്യാജപ്രചാരണം… കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍

കൊല്ലം: കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. പ്രളയക്കെടുതി നേരിടുമ്പോഴാണ് വ്യാജപ്രചാരണത്തിലൂടെ പരിഭ്രാന്തി സൃഷ്ടിക്കുന്നത്.

കൊല്ലം ജില്ലയില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഓഖിക്ക് സമാനമായ കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നാണ് പ്രചരിപ്പിക്കുന്നത്.

വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

പബ്ലിക് റിലേഷന്‍ വകുപ്പും ഫിഷറീസ് വകുപ്പും അറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ പരത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൊല്ലം കലക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.