ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ റെയ്ഡുകള്‍ ഇല്ല ; സെക്സ് ടൂറിസം കൊഴുക്കുന്നു

കേരളത്തിലെ മസാജ് പാര്‍ലറുകളെല്ലാം നിയമപരമായി പ്രവര്‍ത്തിക്കുന്നവയോ എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ടൂറിസം മേഖലയെ വളര്‍ത്താന്‍ കൊണ്ടുവരുന്ന ആയുര്‍വേദ മസാജ് പാര്‍ലറുകളിലേറെയും ഇപ്പോള്‍ വിദേശീയരെക്കാളേറെ മലയാളികളാണ് എത്തുന്നത്. ‘സെക്‌സ് ടൂറിസം’ എന്ന വിളിപ്പേരാണ് ഇതിന് പിന്നില്‍.

ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ റെയ്ഡുകള്‍ ഇല്ലാത്തതും സെക്സ് ടൂറിസത്തിന് ഗുണകരമായി. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതോടെ ഇവിടങ്ങളില്‍ പലതും സഞ്ചാരികളെ ആകര്‍ഷിക്കാനായി അനാശാസ്യം നടത്തിവരികയാണ്. മദ്യനിരോധനം മൂലം ടൂറിസത്തിന്റെ നട്ടെല്ല് ഒടിഞ്ഞിരിക്കുന്നത് പണമാക്കിമാറ്റാനുള്ള രീതി എന്ന നിലയിലാണ് ഇത്തരം മസാജ് പാര്‍ലറുകള്‍ കൂണുപോല മുളച്ച് പൊന്തുന്നത്.

ടൂറിസം മേഖലയെ അല്‍പ്പമെങ്കിലും താങ്ങി നിര്‍ത്താന്‍ വിദേശമദ്യത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് അത് മുതലെടുത്താണ്‌
ആയുര്‍വേദ ടൂറിസത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകളുടെ ഈ വിലസല്‍. ഈ മേഖലയിലുള്ള പോലീസിന്റെ ഇടപെടല്‍ കീശവീര്‍പ്പിക്കലാകുന്നു എന്നതും തികച്ചും നിര്‍ഭാഗ്യകരം.

മലയാളികള്‍ക്ക് മസാജ് പാര്‍ലറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ തെറ്റായ ചിത്രമാണ് തെളിഞ്ഞു വരുന്നത്. ഇവിടേയ്ക്ക് ആയുര്‍വേദത്തിന്റെ മഹത്വം അറിഞ്ഞ് എത്തുന്ന വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മസാജ് പാര്‍ലറുകളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമാണ്. പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നിഷ്പക്ഷമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ആയുര്‍വേദ ടൂറിസം വളര്‍ത്താന്‍ കഴിയൂ.

വിദേശികളും സ്വദേശികളുമടക്കം അനേകായിരങ്ങള്‍ വിനോദത്തിനായി എത്തിച്ചേരുന്ന കിഴക്കിന്റെ വെനീസായ ആലപ്പുഴ പെണ്‍വാണിഭ സംഘങ്ങളുടെ കേന്ദ്രമാകുന്നതായും ഹൗസ്ബോട്ടുകള്‍ കേന്ദ്രീകരിച്ച് സെക്സ് ടൂറിസം കൊഴുക്കുന്നതയായുമുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ബന്ധപ്പെട്ട അധികാരികള്‍ കണ്ണടയ്ക്കുന്നതാണ് ഇവര്‍ക്ക് തണലാകന്നത് എന്നത് പകല്‍പ്പോലെ വ്യക്തവുമാണ്.

ആര്യന്മാരുടേത് അല്ലാത്തത് എന്ന് കരുതപ്പെടുന്ന അഥര്‍വ്വ വേദത്തിലാണ് ആയുസ്സിന്റെ ശാസ്ത്രമായ ആയുര്‍വേദത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ബുദ്ധമതമാണ് ഭാരതത്തില്‍ ആയുര്‍വേദം വളര്‍ത്തിക്കൊണ്ടുവന്നത്. ഇത്രയും മഹത്തായ പാരമ്പര്യത്തെ തെറ്റായി കൊണ്ടുപോകാന്‍ അനുവദിച്ചുകൂടാ…

ഗായത്രി

Top