നിങ്ങൾ ഈ കോൺസൻട്രേഷൻ ക്യാമ്പുകൾ ഉടൻ അടച്ച് പൂട്ടണം , ചൈനീസ് സർക്കാരിനോട് തുർക്കി

നിങ്ങൾ ഈ കോൺസൻട്രേഷൻ ക്യാമ്പുകൾ ഉടൻ അടച്ച് പൂട്ടണം ചൈനയ്ക്ക് തുർക്കി സർക്കാരിൽ നിന്നുള്ള കർശന നിർദ്ദേശമാണ്. ചൈനയിൽ താമസിക്കുന്ന ,തുർക്കി ഭാഷ സംസാരിക്കുന്ന മുസ്ലിം ന്യൂനപക്ഷ വിഭാഗമായ ഉഘുർ വംശജരെ തടവിൽ വെച്ച് പീഡിപ്പിക്കുന്ന ചൈന ഗവൺമെന്റിന്റെ നടപടിയെ തുർക്കി വിദേശകാര്യ വകുപ്പ് ശക്തമായി അപലപിച്ചു. സിനിജംഗ് പ്രദേശത്തെ ഒരു ദുർഗുണ പരിഹാര പാഠശാലയിൽ ഈ വിഭാഗത്തിൽ പെട്ട അബ്ദുറഹീതിം ഹെയിറ്റ് എന്ന ഗായകനെ മരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു ഈ അടുത്തകാലത്ത് ചൈന സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങളുണ്ടാക്കിയത്. ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അന്തേവാസികൾക്ക് കടുത്ത പീഡനം ആണ് നേരിയോടേണ്ടി വരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഗവൺമെന്റ് നിരന്തരം ദ്രോഹിക്കുകയാണെന്ന് തുർക്കി സർക്കാർ വിലയിരുത്തി. ഈ വിഭാഗങ്ങൾ എല്ലായ്പ്പോഴും ചൈന സർക്കാരിന്റെ നിരീക്ഷണത്തിലാണ്.

“ഒരു മില്യണിലധികം ഉഘുർ തുർക്കികളെ കാരണമില്ലാതെ അറസ്റ്റ് ചെയ്ത പ്രാകൃതമായ ക്യാമ്പുകളിൽ ഇട്ട് ചൈനീസ് സർക്കാർ പീഡിപ്പിക്കുകയാണെന്ന് വസ്തുത അത്ര രഹസ്യമൊന്നുമല്ല. ചൈനയിൽ ജീവിക്കുന്ന ഈ ന്യൂനപക്ഷ വിഭാഗങ്ങൾ വളരെയധികം സമ്മർദ്ദത്തിലാണ്. പ്രാകൃത രീതിയിലുള്ള കോണ്സെന്ട്രേഷൻ ക്യാമ്പുകൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നടത്തിക്കൊണ്ടു പോകുന്ന കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ, ഈ പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള കരുതിക്കൂട്ടിയുള്ള ഇത്തരം ഭരണകൂട ഭീകരത മനുഷ്യത്വത്തിന്‌ തന്നെ ഭീഷണിയാണ്.” തുർക്കി വിദേശ കാര്യ വകുപ്പ് വാഗ്മി ഹാമി അക്‌സെയ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഹെയ്റ്റിന്റെ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും ഈ പ്രശ്നനത്തിൽ ഐക്യരാഷ്ട്ര സഭയുടെ അടിയന്തിര ഇടപെടൽ വേണമെന്നും ,ഈ മനുഷ്യാവകാശ പ്രശ്നത്തിനെതിരെ കർശന നടപടികൾ ഉണ്ടാകണമെന്നും അക്‌സെയ് ലോകത്തോട് അഭ്യർത്ഥിച്ചു.