തുര്‍ക്കി ഭൂകമ്പം, മരണ സംഖ്യ ഉയരുന്നു

അങ്കാറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുകയാണ്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഗ്രീക്ക് ദ്വീപായ സമോസിലെ തുറമുഖത്ത് ചെറിയ സുനാമി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രീസിന്റെയും തുര്‍ക്കിയുടേയും ഈജിയന്‍ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Loading...

ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി.ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്.ഇസ്മിര്‍ നഗര തീരത്ത് നിന്ന് 16 കിലോമീറ്റര്‍ താഴ്ചയില്‍ 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

തീരദേശ നഗരമായ ഇസ്മിറില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്..