തുര്‍ക്കിയില്‍ ഭൂകമ്പം; 18 മരണം; ആയിരത്തോളം പേര്‍ക്ക് പരിക്ക്

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭീചനം. 18 പേരാണ് ഇതുവരെ ഭൂകമ്പത്തില്‍ മരണപ്പെട്ടത്. ആയിരത്തോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. 30 പേരെ ഇതുവരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ചലനമുണ്ടായത്.മരണ സംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലെത്തിയിട്ടുണ്ട്.ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നഷ്ടമായി. കടുത്ത തണുപ്പും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നുണ്ട്. സമീപ രാജ്യങ്ങളായ സിറിയ, ജോര്‍ജിയ അര്‍മേനിയ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നിയോഗിച്ചുവെന്ന് പ്രതിരോധ മന്ത്രി ഹുലുസി അകര്‍ പറഞ്ഞു. എലാസിഗ് പ്രവിശ്യയിലെ ഗസിന്‍ ജില്ലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇവിടെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ പുറത്തേക്ക് എടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഒട്ടേറെ പേര്‍ കെട്ടിടകള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു. ഭൂചലനമുണ്ടായ പ്രദേശത്തേക്ക് ആംബുലന്‍സും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും ജനങ്ങള്‍ ഭയത്തോടെ ഓടുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടു പ്രവിശ്യകളിലായി 30 കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ അറിയിച്ചു.

Loading...

തുര്‍ക്കിയിലെ മിക്ക പ്രവിശ്യകളിലും ചലനം അനുഭവപ്പെട്ടിരുന്നു. രണ്ടു പ്രവിശ്യകളിലാണ് കനത്ത നാശമുണ്ടായത്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തകരെ അയക്കുമെന്ന് തുര്‍ക്കിയുടെ അയല്‍രാജ്യമായ ഗ്രീസ് അറിയിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിത്സോടാകിസ് തുര്‍ക്കി പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. സിറിയ, ജോര്‍ജിയ, അര്‍മേനിയ എന്നീ രാജ്യങ്ങളിലും ഭൂചലനമുണ്ടായിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളുണ്ടായിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് എലാസിഗ് പ്രവിശ്യയിലെ സിവ്‌റിജില്‍ ശക്തമായ ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ 6.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ഒട്ടേറെ ചെറു കുലുക്കങ്ങളും അനുഭവപ്പെട്ടു.

തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ് എലാസിഗ് പ്രവിശ്യ. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്. ആളുകള്‍ പൊതു നിരത്തുകളിലും സ്‌റ്റേഡിയങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ക്കടുത്ത് നില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂകമ്പ സാധ്യത ഏറെയുള്ള രാജ്യമാണ് തുര്‍ക്കി. ഇതിന് മുമ്പ് രണ്ട് ശക്തമായ ഭൂകമ്പം സമീപകാലത്ത് തുര്‍ക്കിയിലുണ്ടായിട്ടുണ്ട്. 1999ലുണ്ടായ ഭൂകമ്പത്തില്‍ 18000 പേരാണ് മരിച്ചത്. 2010ലെ ഭൂകമ്പത്തില്‍ 51 പേരും മരിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുന്നേയുള്ളൂ.