തുഷാർ വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൊളിയുന്നു, പ്രോസിക്യൂഷൻ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി

തുഷാർ വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൊളിയുന്നു. ചെക്ക് മോഷണം പോയെങ്കിൽ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പ്രോസിക്യൂഷൻ ആരാഞ്ഞു. പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടന്ന ശ്രമവും പരാജയപ്പെട്ടു.

ഇന്നലെ അജ്മാന്‍ കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ തന്റെ ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന നിലപാടില്‍ തുഷാര്‍ ഉറച്ചുനിന്നു. എന്നാല്‍ മോഷണസമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ തുഷാറിന് കഴിഞ്ഞില്ല. ചെക്ക് മോഷണംപോയതിനുള്ള പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ ആ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Loading...

അതേസമയം പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. നാസില്‍ ആവശ്യപ്പെട്ട തുക അംഗീകരിക്കാന്‍ തുഷാര്‍ തയ്യാറായില്ല.

തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമെന്നറിയിച്ച പ്രോസിക്യൂഷന്‍ ഇന്നത്തെ വാദം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം അഭിഭാഷകന് വക്കാലത്ത് കൊടുത്തുകൊണ്ട് യുഎഇ സ്വദേശിയുടെ പാസ്‍പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും തുഷാര്‍ ശ്രമിക്കുന്നതായാണ് വിവരം. അങ്ങനെയാകുമ്പോള്‍ യാത്രാവിലക്ക് മാറ്റി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ സാധിക്കും. പിന്നീട് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരായാല്‍ മതിയാവും.