തൃക്കാക്കരയിൽ മത്സരിക്കാൻ ട്വന്റി ട്വന്റിയും ഇല്ല; തീരുമാനം ആംദ്മിയുമായി ചേർന്നെടുത്തത്

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ ട്വന്റി ട്വന്റി ഇല്ല. എഎപി മത്സരിക്കാനില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്വന്റി ട്വന്റി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന എന്നാണ് ഇരു പാർട്ടികളും ഇപ്പോൾ‌ തീരുമാനിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടിയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്ന് ട്വൻ്റി ട്വൻ്റി ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകുന്നത്.

കെ റെയിലും രാഷ്ട്രീയ കൊലപാതകങ്ങളും ഉൾപ്പെടെ കണക്കിലെടുത്ത് തൃക്കാക്കരയിലെ ജനങ്ങൾ ഇത്തവണ വോട്ടു രേഖപ്പെടുത്തും. അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കെന്ന തീരുമാനം ആവശ്യമെങ്കിൽ പതിനഞ്ചാം തീയതി പ്രഖ്യാപിക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു.’സംസ്ഥാന ഭരണത്തെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് നിന്നും വിട്ടു നിൽക്കാനും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തീരുമാനമെന്ന് ഇരു പാർട്ടികളും സംയുക്ത വാർത്താക്കുറിപ്പിലും വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഈ മാസം 15 ന് കൊച്ചിയിലെത്തും. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കാണ് ഈ അവസരത്തിൽ ട്വൻറി ട്വൻറിയും ആം ആദ്മിയും പ്രധാന്യം നൽകുന്നതെന്നും ഇരു പാർട്ടികളും അറിയിച്ചു.

Loading...