ട്വിറ്റര്‍ ഇല്ലായിരുന്നുവെങ്കില്‍ വൈറ്റ്ഹൗസില്‍ എത്തുമായിരുന്നില്ല: ട്രമ്പ്

വാഷിംഗ്ടണ്‍: സത്യസന്ധരല്ലാത്ത മാധ്യമങ്ങളെ മറികടക്കാന്‍ സോഷ്യല്‍ മീഡിയയായ ട്വിറ്ററാണ് തന്നെ സഹായിച്ചതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. ട്വിറ്റര്‍ ഇല്ലായിരുന്നവെങ്കില്‍ ഒരുപക്ഷേ താന്‍ വൈറ്റ്ഹൗസില്‍ എത്തിപ്പെടില്ലായിരുന്നുവെന്നും ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രമ്പ് പറഞ്ഞു.
സി.എന്‍.എന്‍ ന്യൂസ് ചാനലിനെയും, എ.ബി.സി, സി.ബി.എസ്, എന്‍.ബി.എസ് ശൃംഖലകളെയും പേരെടുത്തു പറഞ്ഞ് ട്രമ്പ് അഭിമുഖത്തില്‍ വിമര്‍ശിച്ചു. ഫോക്‌സ് ന്യൂസ് തന്നോട് നീതി കാട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലായി 100 മില്യനോളം ജനങ്ങള്‍ തന്നെ വീക്ഷിക്കുന്നുണ്ടെന്നും, തനിക്ക് സ്വന്തമായി മീഡിയ പ്ലാറ്റ്‌ഫോമുണ്ടെന്നും ട്രമ്പ് അവകാശപ്പെട്ടു. ട്വിറ്ററില്‍ മാത്രം 26 മില്യണ്‍ ഫോളോവേഴ്‌സാണ് ട്രമ്പിനുള്ളത്. തന്റെ വാര്‍ത്തകള്‍ കൃത്യമായി കവര്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ മടിക്കുമ്പോള്‍, ട്വിറ്റര്‍ അദ്ഭുതകരമായ കാര്യമാണ് ചെയ്യുന്നതെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു. ട്വിറ്ററില്‍ പതിവായി സന്ദേശങ്ങള്‍ അയക്കുന്നുവെന്നു മാത്രമല്ല, മാന്യതയ്ക്കു നിരക്കാത്ത ആരോപണങ്ങള്‍ ഇതുവഴി ഉന്നയിക്കാനും ട്രമ്പ് മടിക്കാറില്ല. ട്രമ്പ് ടവറിലെ ഫോണുകള്‍ ഒബാമയുടെ നിര്‍ദേശപ്രകാരം ചോര്‍ത്തിയിരുന്നുവെന്ന ആരോപണവും ഇതിലുള്‍പ്പെടുന്നു. ഇതിന് തെളിവൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല.