പ്രണയം നടിച്ച് 17കാരിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, സ്വര്‍ണം തട്ടിയെടുത്തു, കാമുകനും സഹായിയും അറസ്റ്റില്‍

കിളിമാനൂര്‍:17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാമുകനും സഹായിയും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനായിരുന്ന ആലംകോട് മേവര്‍ക്കല്‍ പട്ട്‌ള നിസാര്‍ മന്‍സിലില്‍ അല്‍നാഫി(18)യെയും ഇയാളെ ഒളിവില്‍ കഴിയാനും സ്വര്‍ണം പണയം വെക്കാനും സഹായിച്ച എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍ സോണി ജോര്‍ജും(23) ആണ് പോലീസ് പിടിയിലായത്.

നഗരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി അല്‍നാഫി പ്രണയത്തിലായി. പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചു. മാത്രമല്ല പെണ്‍കുട്ടിയുടെയും സഹോദരിയുടെതും അടക്കം 18.5 പവന്‍ സ്വര്‍ണവും അല്‍നാഫ് കൈക്കലാക്കി.ഒമ്പത് പവന്‍ സ്വര്‍ണം പ്രതിയും വഞ്ചിയൂരുള്ള സുഹൃത്തുക്കളും ചേര്‍ന്ന് വിറ്റു. ബാക്കിയുള്ള സ്വര്‍ണവുമായി അല്‍നാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണി ജോര്‍ജിന്റെ അടുത്തെത്തി. പോക്‌സോ കേസില്‍ പ്രതിയാണെന്ന വിവരം അറിയാമായിരിന്നിട്ടും സോണി ജോര്‍ജ്ജ് അല്‍നാഫിക്കും സുഹൃത്തിനും വാടകവീട് എടുത്ത് നല്‍കുകയും സ്വര്‍ണം വില്‍ക്കാനും പണയംവയ്ക്കാനും സഹായം ചെയ്യുകയും ചെയ്തു.

Loading...

കഴിഞ്ഞ ജൂണിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ നഗരൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡന വിവരവും സ്വര്‍ണം പ്രതികള്‍ക്ക് കൈമാറിയ വിവരവും പറയുന്നത്.

റൂറല്‍ എസ്.പി ബി അശോകന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് അല്‍നാഫി മടവൂരില്‍ പിടിയിലായത്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.