തൃശൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനംപാലകര്‍ മരിച്ചു; മരണം കാട്ടു തീയണയ്ക്കാന്‍ ശ്രമിക്കവെ

തൃശൂര്‍ : തൃശൂരില്‍ കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വനംപാലകര്‍ മരിച്ചു. തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരിലാണ് സംഭവം. ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍ എന്നിവരാണ് മരിച്ചത്.എരുമപ്പട്ടി സ്വദേശിയാണ് മരിച്ച വേലായുധന്‍. കൊടമ്പ് സ്വദേശിയാണ് ദിവാകരന്‍. ഗുരുതരമായി പരിക്കേറ്റ ശങ്കരന്‍ എന്നയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണമായും അണയ്ക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുകയാണ്.

അതേസമയം കാട്ടുതീ പടര്‍ന്ന് ഏക്കറുകണക്കിന് സ്ഥലത്തെ പൂല്‍മേട് ആണ് മൂന്നാറില്‍ കത്തിനശിച്ചത്. മൂന്നാര്‍ ടൗണിന് സമീപമുള്ള മുസ്ലീം ദേവാലയത്തിന് പിന്നിലുള്ള പുല്‍മേട്ടിലാണ് വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ കാട്ടുതീ പടര്‍ന്നത്.സമീപത്തുള്ള പള്ളിയിലേക്കും ജനവാസ മേഖലയിലേക്കും തീ പടരുന്നതിന് മുമ്പ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രാത്രി എട്ടോടെ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.

Loading...

അതേസമയം തുടരെത്തുടരെ കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിലാണ് വയനാട് വന്യജീവി സങ്കേതത്തെ കാട്ടുതീയില്‍ നിന്ന് പ്രതിരോധിക്കാന്‍ വേണ്ടത്ര ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍ നടപടി.ഫണ്ട് കുറഞ്ഞതിന്റെ പേരിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാതിയിലേറെ വെട്ടിച്ചുരുക്കി ഉദ്യോഗസ്ഥരും. 72 ലക്ഷം രൂപയാണ് ഇത്തവണ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വയനാട് വന്യജീവി സങ്കേതത്തിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമിത് 82.5 ലക്ഷം രൂപയായിരുന്നു. 2019-ലെ അപേക്ഷിച്ച് 10.5 ലക്ഷം രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. ഫയർലൈൻ നിർമാണവും താത്‌കാലിക വാച്ചർമാരുടെ നിയമനവുമെല്ലാം മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയതും ആക്ഷേപങ്ങൾക്കിടയാക്കുന്നു.

ഇത്തവണ സംസ്ഥാനാതിർത്തി പങ്കിടുന്ന മേഖലകളിൽ മാത്രമാണ് ഫയർലൈൻ നിർമിച്ചിട്ടുള്ളത്. വനത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ അതിർത്തിയിലും ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള മേഖലകളിലൊന്നും ഫയർലൈൻ നിർമിച്ചിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന നാല് റെയ്ഞ്ചുകളിലായി 72 കിലോ മീറ്റർ ദൂരത്തിലാണ് ഇത്തവണ ഫയർ ലൈൻ നിർമിച്ചത്. കഴിഞ്ഞവർഷം 199.5 കിലോമീറ്റർ ദൂരം ഫയർലൈൻ നിർമിച്ച സ്ഥാനത്താണിത്.

കുറിച്യാട് 19 കിലോമീറ്ററും മുത്തങ്ങയിൽ 23 കിലോമീറ്ററും തോൽപ്പെട്ടിയിൽ 20 കിലോമീറ്ററും ബത്തേരിയിൽ 10 കിലോമീറ്ററും ഫയർലൈനാണ് നിർമിച്ചിട്ടുള്ളത്.കഴിഞ്ഞ വർഷം 150 ഫയർ വാച്ചർമാരെ നിയമിച്ച സ്ഥാനത്ത് ഇത്തവണ 70 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കടുവകളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ് വയനാട് വന്യജീവിസങ്കേതം. വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി അപൂർവ സസ്യ-വൃക്ഷങ്ങളുടെയും ജന്തുക്കളുടെയും കേന്ദ്രമാണിവിടം 2019 ഫെബ്രുവരിയിൽ വയനാട് വന്യജീവി സങ്കേതത്തിലെ 17 ഇടങ്ങളിലായുണ്ടായ കാട്ടുതീയിൽ 51.1 ഹെക്ടർ വനമാണ് കത്തിനശിച്ചത്.