റഷ്യയിൽ യാത്രാ വിമാനം തകർന്ന് മരിച്ചവരിൽ രണ്ട് മലയാളികളും. അപകടത്തിൽ ആകെ മരിച്ചത് 62 പേരാണ്. പെരുമ്പാവൂർ വെങ്ങോല സ്വദേശികളായ ശ്യാം മോഹൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത് . ഇരുവർക്കും 26 വയസാണ് . ആയുർവേദ നഴ്‌സുമാരായ ഇരുവരും റഷ്യയിലെ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് ഇവർ റഷ്യയിലേക്ക് പോയത്. ഒരുമാസം മുമ്പ് അവധിക്ക് വന്ന ഇവർ വ്യാഴാഴ്ചയാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത് .

അപകടത്തിൽ വിമാനത്തിനുള്ളിലുണ്ടായിരുന്നു 62 പേരും മരിച്ചു. ദുബൈയിൽ നിന്നും റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബൈ ഫ്‌ളൈറ്റ് 981 ആണ് അപകടത്തിൽപ്പെട്ടത്. നെടുമ്പാശേരിയിൽ നിന്ന് ദുബായിലെത്തിയ ഇരുവരും ഒരു ദിവസം അവിടെ തങ്ങിയശേഷമാണ് ഫ്‌ളൈ ദുബായ് വിമാനത്തിൽ റഷ്യയിലേക്ക് തിരിച്ചത്.

Loading...

വിമാനം റോസ്‌തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്. ഇരുവരും മരിച്ചതായി എംബസി മുഖേന വീട്ടിൽ വിവരം ലഭിച്ചിട്ടുണ്ട്. മൂടൽമഞ്ഞുകാരണം കാഴ്ച മറഞ്ഞതിനാൽ ലാൻഡിങ് പിഴച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. റൺവേയിൽ നിന്ന് 50 മീറ്ററിലേറെ അകലെയാണ് വിമാനം ലാൻഡ് ചെയ്തത്. ഉടൻ തീപിടിച്ച് തകരുകയായിരുന്നു.