സേലം ധര്മപിരിയില് രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരപ്പുഴ സ്വദേശി ശിവകുമാര്‍, കുന്നുകുഴി സ്വദേശി നെവിന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയിലാണ് പെരിയഅല്ലി വനമേഖലയ്ക്കടുത്ത് റോഡരികില്‍ കണ്ടെത്തിയത്.
ശിവകുമാറും നെവിലും സേലത്ത് ബിസിനസ് ചെയ്യുന്നവരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൃതദേഹങ്ങള്‍ക്ക് സമീപത്ത് തന്നെയുണ്ടായിരുന്നു. കാറില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളും ഫോണും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കേട് ചെറുവണ്ണൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍. ഇത് വാടകയ്ക്ക് നല്‍കിയതാണെന്ന് ഉടമയുടെ ബന്ധുക്കള്‍ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ സ്ഥലത്ത് ആട്മേയ്ക്കുവാന് എത്തിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രാവല്‍സ് ഉടമയായ ശിവകുമാര്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സുഹൃത്തായ നെവിലിനൊപ്പം ബിസിനസിലേക്ക് എത്തുന്നത്. ഊട്ടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞണ് നെവില്‍ വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. എറണാകുളത്ത് നിന്ന് സുഹൃത്തും ഒപ്പം വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു.
ഊട്ടിയിലെ വസ്തു വില്‍ക്കാനുള്ള കരാര്‍ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവില്‍ സുഹൃത്തിനോട് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി ഏഴിന് സേലം ഓമല്ലൂര്‍ ടോള്‍ഗേറ്റിലൂടെ കാര്‍ കടന്നുപോയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരുവരെയും വാഹനത്തിനൊപ്പം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് സംശയിക്കുന്നു.