കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; 48 മണിക്കൂറിനിടെ ഗള്‍ഫില്‍ മരിച്ചത് 18 മലയാളികള്‍

അബുദാബി: കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളേക്കാള്‍ എത്രയോ ഇരട്ടി മലയാളികളാണ് വിദേശത്ത് പലയിടങ്ങളിലായി മരിക്കുന്നത്. യുഎഇയില്‍ കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഒരാള്‍ അബുദാബിയില്‍ വെച്ചും ഒരാള്‍ ദുബായിയില്‍ വെച്ചുമാണ് മരിച്ചത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു ആണ് അബുദാബിയില്‍ വെച്ച് മരിച്ചത്. 31 വയസ്സായിരുന്നു. രണ്ടാഴ്ചയായി ഇദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. അതേസമയം ഇരിഞ്ഞാലക്കുട പുത്തന്‍ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ആണ് ദുബായിയില്‍ മരിച്ചത്. ഇയാള്‍ കൊവിഡ് ബാധിതനായി ഒരഴ്ചയായി അജ്മാനില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതേസമയം 48 മണിക്കൂറിനിടയില്‍ 18 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ ആകെ മരിച്ച മലയാളികളുടെ എണ്ണം 119 ആയിരിക്കുകയാണ്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ദിനംപ്രതി ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ത്യയില്‍ ആറായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 6535 പുതിയ കേസുകളാണ്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നിരിക്കുകയാണ്. മരണസംഖ്യ 4167 ആവുകയും ചെയ്തു.

Loading...

24 മണിക്കൂറില്‍ 146 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ദില്ലിയിലും ഗുജറാത്തിലും സ്ഥിതി ഗുരതരമായി തുടരുകയാണ്. ദില്ലിയില്‍ 24 മണിക്കൂറില്‍ 635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം 14,503 ആയിരിക്കുകയാണ്. അതോടൊപ്പം ഏറ്റവും സ്ഥിതി രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ഏതാണ്ട് പകുതിയും സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.