ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ നഴ്‌സുമാര്‍ അറസ്റ്റില്‍

ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയതിന് രണ്ട് മെയില്‍ നഴ്സുമാര്‍ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്സുമാരായ വൈ ആര്‍ ഷമീര്‍, ബിവിന്‍ എസ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ 10,000 ലധികം രൂപയുടെ മരുന്ന് സ്വകാര്യമെഡിക്കല്‍ സ്റ്റോറില്‍ തിരികെനല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്.

ഇരുവരെയും മെഡിക്കല്‍ കോളജില്‍നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് നഴ്സുമാരെ സസ്പെന്റ് ചെയ്തത്.

Loading...

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികില്‍സയിലുള്ള രോഗിയ്ക്കുവേണ്ടിയാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ബന്ധുക്കള്‍ മരുന്നുവാങ്ങി നല്‍കിയത്. എന്നാല്‍, ഉപയോഗിക്കാത്ത മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ തിരികെ നല്‍കിയ ജീവനക്കാര്‍ തുക വാങ്ങിയതായി രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും തുടര്‍ന്ന് പോലിസിനും പരാതി നല്‍കിയിരുന്നു.

മെഡിക്കല്‍ കൊളജ് എസ്ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് നഴ്സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.