കേരളവര്‍മ കോളേജിലെ രണ്ട് അധ്യാപകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു; ജോലിക്ക് പോകുന്നില്ല ഒന്നാം റാങ്കുകാരി

തൃശൂര്‍. കേരളവര്‍മ കോളേജിലെ രണ്ട് അധ്യാപകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഗെസ്റ്റ് അധ്യാപക റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ റാങ്കുകാരി. അനര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. മാനസികമായി ഞാന്‍ തളര്‍ന്നു. വീട്ടുകാര്‍ പോലും പേടിച്ചിരിക്കുകയാണ്. കേരളവര്‍മ്മ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് ഗെസ്റ്റ് അധ്യാപക റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരിയായ അധ്യാപിക മറ്റൊരു അധ്യാപികയ്ക്ക് അയച്ച വാട്‌സാപ് സന്ദേശമാണിത്.

പട്ടികയില്‍ ഉള്ള രണ്ടാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവിനു നിയമനം ലഭിക്കുവാന്‍ രണ്ട് അധ്യാപകര്‍ ചേര്‍ന്നാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇവര്‍ പറയുന്നു. ഭീഷണിപ്പെടുത്തി വിസമ്മതക്കുറിപ്പ് എഴുതിച്ചെന്നാണ് ഒന്നാം റാങ്കുകാരി പറയുന്നത്. രണ്ടാം റാങ്കുകാരനായ എസ്എഫ്‌ഐ നേതാവിനെ തിരുകിക്കയറ്റാനുള്ള ശ്രമത്തെ എതിര്‍ത്ത മറ്റൊരധ്യാപികെ വകുപ്പ് മേധാവി അധിക്ഷിപിക്കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തതിന് കോടതിയില്‍ കേസുണ്ട്.

Loading...

മേയ് 28നാണു ഗെസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തിയത്. സബ്ജക്ട് എക്‌സ്പര്‍ട്ടിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ എസ്എഫ്‌ഐ നേതാവിനു കഴിഞ്ഞില്ല. വകുപ്പുമേധാവി ഇയാള്‍ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കിയെങ്കിലും രണ്ടാം റാങ്കാണു ലഭിച്ചത്. സബ്ജക്ട് എക്‌സ്പര്‍ട്ട് പക്ഷപാതപരമായാണു ചോദ്യങ്ങള്‍ ചോദിച്ചതെന്ന് ആരോപിച്ച് വകുപ്പുമേധാവി പ്രിന്‍സിപ്പലിനു കത്തുനല്‍കി. റാങ്ക് പട്ടികയില്‍ ഒപ്പിടാന്‍ മേധാവി വിസമ്മതിക്കുകയും ചെയ്തു.

നിയമനത്തിലെ ബാഹ്യഇടപെടല്‍ അന്വേഷിക്കണമെന്നുകാട്ടി ഇതേ കോളജിലെ അധ്യാപിക കൂടിയായ സബ്ജക്ട് എക്‌സ്പര്‍ട്ട് ഡോ ജ്യുവല്‍ ജോണ്‍ ആലപ്പാട്ട് ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കും അടക്കം പരാതി നല്‍കി. പ്രിന്‍സിപ്പല്‍ നിയോഗിച്ച സമിതി അന്വേഷിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ആയിട്ടില്ല.