താലിബാൻറെ വിജയം; അഫ്ഗാനിസ്താനിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്

അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു എസ്. കാബൂളിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതായി അമേരിക്കൻ എംബസി വ്യക്തമാക്കി. കാബൂൾ വിമാനത്താവളം താത്ക്കാലികമായി അടച്ചു. അതിനാൽ എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും യു.എസ് എംബസി നിര്‍ദേശിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.

Loading...

ഇതിനിടെ രാജ്യം വിട്ടത് വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന വിശദീകരണവുമായി അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അഷ്റഫ് ​ഗനി വ്യക്തമാക്കിയത്.
‘എനിക്ക് മുന്നിൽ രണ്ട് മാർ​ഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ തോക്കുകൾ കൊണ്ടുള്ള നീതിയാണ് സ്വന്തമാക്കിയത്. എന്നാൽ അവർക്കത് നിയമസാധുത നേടികൊടുക്കുമോ ? ജനഹൃദയങ്ങൾ നേടാൻ അവർക്ക് സാധിക്കുമോ ? ചരിത്രം ഒരിക്കലും ഇത്തരം അധികാരമാറ്റത്തിനെ പിന്തുണച്ചിട്ടില്ല. താലിബാനും അത് ലഭിക്കില്ല. – അഷ്റഫ് ​ഗനി കുറിച്ചു.