യു.എ.ഇ ജൈവ ഉല്പന്നങ്ങളിലേക്ക് തിരിയുന്നു: ജൈവകൃഷി വ്യാപിപ്പിക്കാന്‍ കൃഷിമന്ത്രാലയം ഊര്‍ജിത നടപടികള്‍ സ്വീകരിച്ചു

ഷാര്‍ജ: സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും താല്‍പര്യങ്ങള്‍ ജൈവ ഉല്‍പന്നങ്ങളിലേക്കു പടര്‍ന്നതോടെ മധ്യപൂര്‍വദേശ വിപണിയില്‍ പുത്തന്‍ അഭിരുചികളുടെ വേരോട്ടം. ജൈവ ഉല്‍പന്നങ്ങളോടുള്ള താല്‍പര്യം യുഎഇയിലെ ഫ്രീസോണുകളിലടക്കം പ്രകടമാണെന്നത്‌ കാര്‍ഷിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ വന്‍ മാറ്റത്തിനു തുടക്കമിട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്‌തമാക്കുന്നു.

മേഖലയില്‍ ജൈവരീതിയിലുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായി യുഎഇ മാറിയതായി ഹംറിയ ഫ്രീസോണ്‍ അതോറിറ്റി, ഷാര്‍ജ എയര്‍പോര്‍ട്ട്‌ ഇന്റര്‍നാഷനല്‍ ഫ്രീസോണ്‍ (സെയ്‌ഫ്‌ സോണ്‍) ഡയറക്‌ടര്‍ സൌദ്‌ സാലിം അല്‍ മസ്‌റൂയി പറഞ്ഞു. ആരോഗ്യശീലങ്ങളും രുചിഭേദങ്ങളും മുന്‍നിര്‍ത്തി ജൈവകൃഷിരീതി അറബ്‌ മേഖലയില്‍ വന്‍കുതിച്ചുചാട്ടം നടത്തും. 2018 ആകുമ്പോഴേക്കും ഈ മേഖല 150 കോടി ഡോളറിന്റെ വളര്‍ച്ചകൈവരിക്കും. 2013 ല്‍ യുഎഇയിലെ ജൈവകൃഷിയിടങ്ങളുടെ എണ്ണം 39 ആയി ഉയര്‍ന്നു. 3920 ഹെക്‌ടറുകളിലായാണ്‌ ഇതു വ്യാപിച്ചുകിടക്കുന്നത്‌. 2007 ല്‍ ഇത്‌ 218 ഹെക്‌ടര്‍ മാത്രമായിരുന്നു. ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും ജൈവകൃഷിയോടും ഉല്‍പന്നങ്ങളോടും ആഭിമുഖ്യം കൂടിവരികയാണ്‌.

Loading...

ആശാവഹമായ ഈ മാറ്റം രാജ്യത്തെ ഫ്രീസോണുകളിലും പ്രതിഫലിക്കുന്നു. സാധ്യതകള്‍ കണക്കിലെടുത്ത്‌ ഹംറിയ ഫ്രീസോണ്‍ ജൈവ ഉല്‍പന്നങ്ങളില്‍ കേന്ദ്രീകൃതമായ കൂടുതല്‍ വ്യവസായങ്ങള്‍ക്കു പ്രാധാന്യം നല്‍കിവരികയാണ്‌. ഭക്ഷ്യസാധനങ്ങളുടെ പുനര്‍കയറ്റുമതിക്കുള്ള ലോകത്തിലെ മുഖ്യകേന്ദ്രമായി യുഎഇ മാറിക്കഴിഞ്ഞു. വിശാലമായ തീരം, സുതാര്യമായ വ്യവസ്‌ഥകള്‍, നൂതനസംവിധാനങ്ങളുള്ള ഗോഡൌണുകള്‍ എന്നിവ യുഎഇയുടെ മാത്രം പ്രത്യേകതയാണ്‌. കൂടാതെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക്‌ ഏറ്റവും എളുപ്പത്തില്‍ പോകാനുമാകും.

മധ്യപൂര്‍വദേശത്തെ ഈ മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുകയെന്നത്‌ പ്രധാനലക്ഷ്യമായി കാണുന്നതിനൊപ്പം ഇങ്ങനെയുള്ള ഉല്‍പന്നങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയും വേണം. നിക്ഷേപകരും ഇതില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നുവെന്നതാണ്‌ വിപണിയിലെ സൂചനയെന്നും മസ്‌റൂയി വ്യക്‌തമാക്കി.

ലണ്ടനില്‍ അടുത്തിടെ നടന്ന നാച്ചുറല്‍ ആന്‍ഡ്‌ ഓര്‍ഗാനിക്‌ പ്രോഡക്‌ട്‌സ്‌ യൂറോപ്പ്‌ എക്‌സിബിഷനില്‍ യുഎഇ സംഘത്തിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നു.

ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക്‌ സാധാരണ ഉല്‍പന്നങ്ങളില്‍ നിന്ന്‌ 20 മുതല്‍ 100% വരെ ചെലവുകൂടുതലാണെന്നു കണക്കാക്കുന്നു. യുഎഇയില്‍ ജൈവരീതിയില്‍ 62 കാര്‍ഷികവിളകള്‍ ഉല്‍പാദിപ്പിക്കുന്നതായാണു കണക്ക്‌. വഴുതനങ്ങ, സാലഡ്‌ വെള്ളരി, തക്കാളി, കാബേജ്‌, പയര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. രാസവളങ്ങളോ കീടനാശിനിയോ പ്രയോഗിക്കുന്നില്ല എന്നതാണ്‌ ജൈവ ഉല്‍പന്നങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കോഴിയെയും കാടയെയുമെല്ലാം ജൈവരീതിയില്‍ വളര്‍ത്തുന്നു. ഇവയുടെ മുട്ടയ്ക്കും മാംസത്തിനും ആവശ്യക്കാര്‍ കൂടി വരുന്നതിനാല്‍ ജൈവ ഫാമുകള്‍ക്കും ഡിമാന്‍ഡേറെ. കാര്‍ഷികമേഖലയോടനുബന്ധിച്ച്‌ മികച്ചയിനം മീനുകളെ വളര്‍ത്താനുള്ള പദ്ധതിയും യുഎഇയില്‍ പുരോഗമിക്കുകയാണ്‌. നോര്‍വേയുമായി സഹകരിച്ചാണിത്‌.

കാര്‍ഷികമേഖലയില്‍ നടപ്പാക്കിവരുന്ന വന്‍ പദ്ധതികളുടെ ഭാഗമായി യുഎഇയില്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ കൃഷിമന്ത്രാലയം ഊര്‍ജിത നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. ഓരോവര്‍ഷവും അഞ്ചുശതമാനം വീതം ജൈവകൃഷിയിടങ്ങള്‍ വ്യാപിപ്പിക്കാനാണ്‌ പദ്ധതി.

ഓര്‍ഗാനിക്‌ ഭക്ഷ്യസാധനങ്ങളോടൊപ്പം വിത്തിനങ്ങളും വളങ്ങളും കൂടുതലായി അവതരിപ്പിക്കുകയും കര്‍ഷകര്‍ക്കു പരിശീലനം നല്‍കുകയും ചെയ്യും. കഴിഞ്ഞവര്‍ഷം മാത്രം 70 ലക്ഷം ദിര്‍ഹത്തിന്റെ 62 ജൈവ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചു. ജൈവകൃഷിരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍, വിളകള്‍, കാര്‍ഷികോപകരണങ്ങള്‍, ജലസേചനപദ്ധതി തുടങ്ങിയവയെക്കുറിച്ച്‌ പരിചയപ്പെടുത്താന്‍ ശില്‍പശാലകളും പരിശീലനപരിപാടികളും സംഘടിപ്പിച്ചുവരികയാണ്‌.

മാരക കീടനാശിനികള്‍ തളിച്ച പച്ചക്കറിയുടെയും പഴങ്ങളുടെയും വിഷാംശം എത്ര കഴുകിയാലും പോകില്ലെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെടി വിഷാംശം ആഗിരണം ചെയ്യുന്നതിനാല്‍ കായ്‌കളിലും ഇലകളിലുമെല്ലാം വിഷം തങ്ങിനില്‍ക്കുന്നു.

ഇത്തരം ഇലവര്‍ഗങ്ങളും പച്ചക്കറികളും പഴങ്ങളും ഗുരുതരപ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ ജൈവകൃഷി രീതിയിലേക്ക്‌ അടിയന്തരമായി മാറണമെന്നുരാജ്യാന്തരവിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ജൈവ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്‌താല്‍ ചെലവു കുതിച്ചുയരുന്ന സാഹചര്യത്തിലാണ്‌ തദ്ദേശീയമായി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ഊര്‍ജിതമാക്കിയത്‌.