യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിൽ. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ടെത്തി. മുതിര്‍ന്ന രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
അബുദാബി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം പ്രധാനമന്ത്രി നേരിട്ട് രേഖപ്പെടുത്തും. യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ മോദി അഭിനന്ദിക്കും. പ്രധാനമന്ത്രിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവാണ് യുഎഇയുടെ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍.