യുഎഇ സന്ദര്‍ശനത്തിൻറെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തിച്ചേർന്നു. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രവാചക നിന്ദ പരാമര്‍ശത്തില്‍ യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മോദിയുടെ യുഎഇ യാത്രയ്ക്ക് പ്രാധാന്യം ഏറെയാണ്.
പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ടെത്തി. മുതിര്‍ന്ന രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കു വിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളും തള്ളിക്കളയണമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധകുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
അബുദാബി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം പ്രധാനമന്ത്രി നേരിട്ട് രേഖപ്പെടുത്തും. പ്രതിഷേധം തണുപ്പിക്കാന്‍ സന്ദര്‍ശനത്തെ പ്രധാനമന്ത്രി ഉപയോഗപ്പെടുത്തുമെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ മോദി അഭിനന്ദിക്കും.